കൊച്ചി: സിപിഎമ്മിനെതിരെയും മഹിളാ അസോസിയേഷനെതിരെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്ന് കെ.സുരേന്ദ്രൻ. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ സി.പി.എം, ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമൊപ്പം ചേർന്ന് എതിർക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മെട്രോമാൻ ഇ ശ്രീധരനെ അദ്ദേഹത്തിന്‍റെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ താലിബാനിസം ശക്തിപ്പെടുകയാണെന്നും സി.പി.എം പിന്തുടരുന്നത് താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സി.പി.എമ്മിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത്. സി.പി.എമ്മിനും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒറ്റ സ്വരമാണ്. മത തീവ്രവാദികളുടെ അജണ്ട സി.പി.എമ്മിന്റേയും അജണ്ടയാവുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.