കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് കിട്ടിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയില്‍.മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന് ആരോപണം.ഷെറിന് മാനസാന്തരം ഉണ്ടായെന്ന് ജയിൽ ഉപദേശക സമിതി അംഗം എംവി സരള.

Must Read

ആലപ്പുഴ: ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷാവിധിയില്‍ ഇളവു നല്‍കിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയില്‍. ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ഇപ്പോൾ കുറ്റവാസനയില്ലെന്നും ഷെറിന് മാനസാന്തരം ഉണ്ടായെന്നും ജയിലിലെ നല്ല നടപ്പു കൊണ്ടാണ് ഷെറിനെ ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നും കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എംവി സരള പറഞ്ഞു.ഷെറിന് പ്രത്യേകമായ പരിഗണന കൊടുത്തിട്ടില്ലെന്നും എംവി സരള പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20 വര്‍ഷത്തിലധികമായി ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ പോലും മറികടന്ന് 14 വര്‍ഷം തടവ്കാലാവധി പൂര്‍ത്തിയാക്കിയ ഷെറിന് സ്ത്രീയെന്ന പരിഗണന നല്‍കിയാണ് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. 25 വര്‍ഷത്തില്‍ കൂടുതല്‍ തടവ്ശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയക്കണം എന്ന ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം പാലിക്കാതെയാണ് ഷെറിന് ഇളവ് നല്‍കിയത്.

ഷെറിൻ പരമാവധി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള പരാതിയും ഇല്ലാത്തതിന്റെ ഭാഗമായാണ് ശിക്ഷ ഇളവ് നകിയത്. ഷെറിന് മാനസാന്തരം വന്നിട്ടുണ്ട്. ശരിയായ ഒരു ജീവിതത്തിലേക്ക് വരുമ്പോൾ അത് പറ്റില്ല നിങ്ങൾ പണ്ടത്തെപ്പോലെ തന്നെ ജീവിക്കണം എന്ന് പറയാൻ പറ്റുമോ എന്നും എംവി സരള ചോദിച്ചു. ശിക്ഷായിളവിൽ തീരുമാനം ഏകകണ്ഠേന എടുത്തതെന്ന് സരള വ്യക്തമാക്കി.

14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയിലിന് പുറത്തെത്തിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അസാധാരണമായ അതിവേഗമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ വിടുതലിന് അപേക്ഷ നല്‍കുന്നു. അതിനു ശേഷം ചേര്‍ന്ന ആദ്യ ജയില്‍ ഉപദേശക സമിതി തന്നെ ഈ അപേക്ഷ അംഗീകരിച്ച് ജയില്‍ മോചനത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതൊന്നും ഇന്നുവരെ കേരളത്തില്‍ നടന്നിട്ടില്ലാത്ത കാര്യങ്ങളാണ്. സിപിഎം നേതാക്കളായ കെകെ ലതിക, കെഎസ് സലീഖ, എം.വി സരള എന്നിവരാണ് ഷെറിന്റെ അപേക്ഷ പരിഗണിച്ച ജയില്‍ ഉപദേശക സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍.

ഒരു ജയില്‍പുള്ളിയെ വിട്ടയക്കാന്‍ പോലീസിന്റേയും ജയില്‍ വകുപ്പിന്റേയും അനുകൂല റിപ്പോര്‍ട്ട് വേണം. ജയിലില്‍ കഴിയുന്ന സമയത്ത് നാലു തവണ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ജയില്‍മാറ്റിയ ആളാണ് ഷെറിന്‍. ജയില്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറല്‍, മൊബൈല്‍ ഉപയോഗം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഷെറിനെതിരെ ജയിലില്‍ ഉയര്‍ന്നിരുന്നു. ഇതൊന്നും പക്ഷേ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. നല്ല സ്വഭാവമുള്ള പുളളിയായാണ് ഷെറിനെ അവതരിപ്പിച്ചത്. ഇതോടെ മോചനം അതിവേഗം ഉറപ്പിച്ചു. ജയിലില്‍ നല്ലനടപ്പുകാരിയെന്ന റിപ്പോര്‍ട്ടാണ് ജയില്‍ സൂപ്രണ്ട് ഷെറിന്റെ പേരില്‍ നല്‍കിയതെന്നാണ് വിവരം.

മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും കണ്ണൂര്‍ വനിതാ ജയിലിലെ മറ്റു രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷ ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന ഉപദേശകസമിതി അംഗീകരിച്ചില്ല. ഇവര്‍ക്കു പൊലീസ് റിപ്പോര്‍ട്ട് എതിരാണെന്ന കാരണമാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, ഷെറിന്റെ കാര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടും സാമൂഹിക നീതി വകുപ്പിന്റെ പ്രബേഷന്‍ റിപ്പോര്‍ട്ടും അനുകൂലമായി വന്നു. ജയിലില്‍ നല്ലനടപ്പുകാരിയെന്നു ജയില്‍ സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കി.

നല്ലനടപ്പുകാരിയെന്ന് ഇപ്പോള്‍ ജയില്‍ വകുപ്പ് അംഗീകരിക്കുന്ന ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്നാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പരാതിയെത്തുടര്‍ന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാന്‍ മടി കാണിച്ചതിനു ജയില്‍ ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടായി. ഇതെത്തുടര്‍ന്നാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറില്‍ റിമാന്‍ഡിലായ ഷെറിന്‍ 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയില്‍ ഉപദേശകസമിതിക്കു മുന്‍പില്‍ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അംഗീകാരം നല്‍കി.

2009 നവംബര്‍ 9 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. നവംബര്‍ 12 മുതല്‍ ഷെറിന്‍ പോലീസ് കസ്റ്റഡിയിലും ജയിലിലുമാണ്. ഇതുപ്രകാരം ജീവപര്യന്തം ശിക്ഷയുടെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം 2023 നവംബര്‍ 12 ന് പൂര്‍ത്തിയായി. ഇതുകഴിഞ്ഞ് 9 മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ജയില്‍ മോചന നീക്കങ്ങളും തുടങ്ങി. ശിക്ഷ അനുഭവിച്ച കാലഘട്ടത്തില്‍ 452 ദിവസം ഷെറിന് പരോള്‍ ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ 13 വര്‍ഷവും 9 മാസവും മാത്രമാണ് ഷെറിന്‍ ജയിലില്‍ കഴിഞ്ഞത്. 2016ല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മറ്റ് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാതിരുന്ന സമയത്തും ഷെറിന് പരോള്‍ കിട്ടി. ആദ്യം 30 ദിവസത്തേക്കാണ് കിട്ടിയത് പിന്നീട് 30 ദിവസം കൂടി പരോള്‍ ലഭിച്ചു. 20ഉം 25ഉം വര്‍ഷങ്ങള്‍ ജയിലില്‍ കഴിയുന്ന രോഗബാധിതരായവരെ പോലും വിടാതെയിരിക്കുമ്പോഴാണ് ഷെറിനെ വിട്ടയക്കാന്‍ മന്ത്രിസഭാ തീരുമാനം വരുന്നത്. 2010 ജൂണ്‍ 11നാണ് ഷെറിനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. രണ്ട് വര്‍ഷം തികയും മുന്‍പ് 2012 മാര്‍ച്ച് മൂന്നിന് ആദ്യ പരോള്‍ ലഭിച്ചു. തിരുവനന്തപുരം ജയിലില്‍ നിന്നുമാത്രം എട്ട് തവണ പരോള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം അടിയന്തര പരോളാണ്. സഹ തടവുകാരുമായും ഉദ്യോഗസ്ഥരുമായും പ്രശ്നമുണ്ടാക്കിയ ഷെറിന് പക്ഷെ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. ഷെറിന്റെ കാമുകനും കൂട്ടുപ്രതിയുമായ ബാസിത് അലിയെ നല്ലനടപ്പ് പ്രമാണിച്ച് തുറന്നജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇയാളുടെ കാര്യം മോചനത്തിന് പരിഗണിച്ചില്ല. രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയാണ് ഒരു വയോധികനെ കൊലപ്പെടുത്തിയ ഷെറിന് പിന്നില്‍ ലഭിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. ഇതിനു പിന്നിലെ കാരണമാണ് കേരളം മുഴുവന്‍ തിരയുന്നത്.

ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എം.വി.സരള പറയുന്നു. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല. ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു. ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞു. സരളയ്ക്കു പുറമേ, സിപിഎം നേതാക്കളായ കെ.കെ.ലതിക, കെ.എസ്.സലീഖ എന്നിവരും സമിതിയിലുണ്ട്. ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതിയായ മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നു കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍ പറഞ്ഞു. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണമെന്നും അദ്ദേഹം പറഞ്ഞു. ഷെറിന്റെ ഭര്‍ത്താവ് ബിനു പീറ്റര്‍ ഉള്‍പ്പെടെ കാരണവരുടെ മൂന്നു മക്കളും യുഎസിലാണ്. അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണം. കാരണവര്‍ക്കു നീതി ലഭിക്കുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമാധാന ജീവിതം ആഗ്രഹിച്ചാണ് അദ്ദേഹം അമേരിക്കയില്‍ നിന്നു നാട്ടിലേക്കു മടങ്ങിവന്നത്. ആ പ്രതീക്ഷയാണ് ഷെറിന്‍ തകര്‍ത്തത്. ഒരു കുടുംബത്തെ അവര്‍ ഇല്ലാതാക്കി അനില്‍ പറഞ്ഞു.

Latest News

കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് കിട്ടിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയില്‍.മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന് ആരോപണം.ഷെറിന് മാനസാന്തരം ഉണ്ടായെന്ന് ജയിൽ ഉപദേശക സമിതി അംഗം എംവി സരള.

ആലപ്പുഴ: ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷാവിധിയില്‍ ഇളവു നല്‍കിയത് രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയില്‍. ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ...

More Articles Like This