തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്.
സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആണ് മൃതദേഹങ്ങൾ എല്ലാം കണ്ടെത്തിയത്.
അതേസമയം, ഉരുൾപൊട്ടിയ പ്രദേശത്ത് രാത്രി 11.30 മുതൽ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തു. അറക്കുളത്ത് 131 എംഎം മഴ രേഖപ്പെടുത്തിയിരുന്നു.റവന്യൂമന്ത്രി കെ. രാജന്‍ സംഭവസ്ഥലം സന്ദർശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉച്ചയോടെ എത്തിച്ചേരും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സമീപ വീട്ടുകാരെ സുരക്ഷിതമായി കുടയത്തൂർ സ്കൂളിലേക്കു മാറ്റിപ്പാർപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാ പ്രവര്‍ത്തനം. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. ജില്ലാ കളക്ടറും, എസ്പി യും ഉള്‍പ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ വാസികളെ കുടയത്തൂര്‍ തകിടിയില്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.