തിരുവനന്തപുരം ലോ കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനിടെ കെഎസ്യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി വാക്ക് പോര്.
എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയത്തില്‍ സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് പറഞ്ഞു. അക്രമത്തിനു സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി എസ്‌എഫ്‌ഐക്കാരെ നിയന്ത്രിക്കണമെന്നും എസ്‌എഫ്‌ഐക്കാര്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെ ചവിട്ടി നിലത്തിട്ടശേഷം വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും അദ്ദേഹം വാദം ഉന്നയിച്ചു. പെണ്‍കുട്ടികളെ കോളജുകളില്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കു ഭയം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും പ്രമുഖ വിദ്യാര്‍ഥി സംഘടനയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന പഴയ കെഎസ്യുക്കാരന്റെയോ യൂത്ത് കോണ്‍ഗ്രസുകാരന്റെയോ വികാരമാണ് പ്രതിപക്ഷ നേതാവിനെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് അങ്ങനെ അധഃപ്പതിച്ചു. എങ്ങനെയാണ് ക്യാംപസുകളില്‍ എസ്‌എഫ്‌ഐ വളര്‍ന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. കെഎസ്യു ആണ് ക്യാംപസുകളില്‍ മേധാവിത്വം വഹിച്ചിരുന്നത്. കെഎസ്യു അഴിച്ചുവിട്ട അക്രമം നേരിട്ടാണ് എസ്‌എഫ്‌ഐ വളര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി സഭയില്‍ ബഹളത്തിനിടയാക്കി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു.
കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് അനുവദിച്ച സമയം കഴിഞ്ഞും പിരിഞ്ഞു പോകാതെ കോളേജ് ക്യാംപസില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്നലെ രാത്രി 8.30 യോടെ സംഘര്‍ഷമുണ്ടായതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരുവിദ്യാര്‍ത്ഥി സംഘടനകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റിട്ടുള്ളതായാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.