ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി റഷ്യ-യുക്രൈന്‍ വിഷയത്തിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദമോദിയുടെ ഇടപെടല്‍. നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക മോദി പുടിനുമായി പങ്കുവെച്ചു.
ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.
റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പും പുടിന്‍ നല്‍കിയിട്ടുണ്ട്.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന.
അതേസമയം റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍. റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.