കൊച്ചി:രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തു .തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.
ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്.
മങ്കിപോക്സ് (monkeypox) കേസുകൾ വർദ്ധിക്കുന്നത് ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.
മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളിൽ മലാശയ വേദന, പെനൈൽ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങൾ കാണുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കടുത്ത തലവേദന, പനി, ചർമ്മത്തിലെ തിണർപ്പ് അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ/കുമിളകൾ, ക്ഷീണം, കക്ഷം, കഴുത്ത്, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥിയുടെ വീക്കം, പേശി വേദന, നടുവേദന എന്നിവയാണ് മങ്കിപോക്സിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുബ്രത ദാസ് പറഞ്ഞു.
എല്ലാ രോഗികൾക്കും അവരുടെ ചർമ്മത്തിലോ മ്യൂക്കോസൽ ചർമ്മത്തിലോ ജനനേന്ദ്രിയത്തിലോ പെരിയാനൽ ഭാഗത്തോ ആണ് മുറിവുള്ളതായി കണ്ടെത്തിയതെന്നും പഠനത്തിൽ പറയുന്നു. രോഗബാധിതരായ ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ആളുകളിൽ പനി, തൊണ്ടവേദന എന്നിവ ഉണ്ടാകുമ്പോൾ ആ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നവരെ വേർതിരിച്ച് ശരിയായ വൈദ്യസഹായത്തോടെ വിലയിരുത്തണമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിന്ദുമതി പി എൽ പറഞ്ഞു.
രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിക്ക് അഞ്ച് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ രണ്ടോ മൂന്നോ ആഴ്ച ക്വാറന്റൈൻ ആവശ്യമാണെന്നും ഡോ. ബിന്ദുമതി പറഞ്ഞു. രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നവർ നല്ല ശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്ന വ്യക്തി പതിവായി കൈ കഴുകേണ്ടതുണ്ട്. കൂടാതെ കൊവിഡ് – 19 പോലെ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്നും അവർ പറഞ്ഞു.
മങ്കിപോക്സ് ബാധിച്ച വ്യക്തിയുടെ പാത്രങ്ങൾ, കിടക്കകൾ, തൂവാലകൾ അല്ലെങ്കിൽ വസ്ത്രങ്ങൾ എന്നിവയിൽ സ്പർശിക്കുമ്പോഴോ കൈകാര്യം ചെയ്യുമ്പോഴോ കൂടെയുള്ള ശ്രദ്ധിക്കണം. മങ്കിപോക്സും വസൂരി വൈറസുകളും ജനിതകപരമായി ഒന്നു തന്നെയായതിനാൽ മങ്കിപോക്സ് ബാധിച്ച വ്യക്തികളിൽ രോഗം സുഖപ്പെടുത്താൻ വസൂരിക്കുള്ള ആന്റി വൈറൽ മരുന്ന് ഉപയോഗിക്കാമെന്ന് ഡോ. ബിന്ദുമതി പറഞ്ഞു.
മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ് രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
മൂന്ന് സാഹചര്യങ്ങൾ ചേർന്ന് വന്നാൽ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകർച്ച ഉണ്ടാകുമ്പോൾ, ആ രോഗപ്പകർച്ച രാജ്യാതിരുകൾ ഭേദിച്ച് പടരുമ്പോൾ, രോഗത്തെ തടയണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോൾ. മങ്കിപോക്സിന്‍റെ കാര്യത്തിൽ ഇതെല്ലം ചേർന്നുവന്നിരിക്കുന്നു.
നാല് പതിറ്റാണ്ട് ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടർന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്‍റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്.
വേദന കൊണ്ട് അലറിക്കരയാൻ തോന്നി … മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി
ആഗോളതലത്തില്‍ തന്നെ മങ്കിപോക്സ് പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കില്‍ പോലും മങ്കിപോക്സിനെ കാര്യമായ അസുഖമായി പരിഗണിക്കാത്തവരുണ്ട്. ഇത് ജീവൻ അപഹരിക്കില്ലെന്നതാണ് ഈ നിസാര മനോഭാവത്തിന് പിന്നിലെ കാരണം.
എന്നാല്‍ മങ്കിപോക്സ് എത്രമാത്രം ഭീതിതമായ അവസ്ഥയാണ് രോഗികള്‍ക്ക് സമ്മാനിക്കുകയെന്ന് ഈ അനുഭവത്തിലൂടെ കടന്നുപോയവര്‍ക്ക് അറിയാം. അങ്ങനെയുള്ള അനുഭവങ്ങള്‍ പങ്കുവച്ചവരും ഉണ്ട്. ഇത്തരത്തില്‍ മങ്കിപോക്സ് അനുഭവം പങ്കുവയ്ക്കുകയാണ് യുഎസിലെ ബ്രൂക്ലിൻ സ്വദേശിയായ സെബാസ്റ്റ്യൻ കോന്‍.
അസാധാരണമായ തളര്‍ച്ചയായിരുന്നുവത്രേ ഇദ്ദേഹത്തില്‍ ആദ്യം കണ്ട രോഗലക്ഷണം . ഇതിന് ശേഷം കടുത്ത പനിയും വിറയലും ശരീരവേദനയും അനുഭവപ്പെടാൻ തുടങ്ങി. ലിംഫ് നോഡുകളില്‍ നീര് വന്ന് വീര്‍ക്കാനും തുടങ്ങി. ഇതോടെ കടുത്ത തൊണ്ടവേദനും വന്നു.
ആദ്യഘട്ടത്തില്‍ ഈ ലക്ഷണങ്ങളെല്ലാം വന്ന ശേഷമാണ് തൊലിപ്പുറത്ത് നിറവ്യത്യാസവും ചെറിയ കുമിളകളും പൊങ്ങാൻ തുടങ്ങിത്. ഇതാണ് മങ്കിപോക്സിന്‍റെ ഏറ്റവും സവിശേഷമായ ലക്ഷണം. ചിക്കൻ പോക്സിന് സമാനമായി ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അതിനെക്കാളെല്ലാം ഏറെ വേദനാജാനകമാണ് മങ്കിപോക്സിലെ അവസ്ഥയെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു.
മലദ്വാരത്തിന് തൊട്ടടുത്തായാണ് ചെറിയ മുറിവുകള്‍ പോലെ കുമിളകള്‍ കണ്ടത്. കുത്തുന്ന പോലെ വേദനയും ചൊറിച്ചിലുമായിരുന്നു ആദ്യം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ രോഗം കൂടുതല്‍ ഗുരുതരമാകുമെന്ന് കരുതിയില്ല. എന്നാല്‍ പിന്നീട് കടുത്ത വേദന തുടങ്ങി. ദേഹത്താകെയും ഇതേ കുമിളകള്‍ പൊങ്ങി. അസഹ്യമായ വേദന. വേദന കൊണ്ട് പലപ്പോഴും ഉറക്കെ അലറിവിളിക്കാൻ തോന്നി. മൂത്രമൊഴിക്കാൻ പോകാൻ പോലും കഴിയാത്ത അവസ്ഥ. അപ്പോള്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ഊഹിക്കാമല്ലോ. ഇതിന് പുറമെ അസഹ്യമായ തലവേദന, വിരലുകളിലും തോളിലുമെല്ലാം വേദന. രാത്രിയാകുമ്പോള്‍ വേദനയും ചൊറിച്ചിലും കാരണം ഭ്രാന്താകുമെന്ന് വരെ തോന്നി…’- സെബാസ്റ്റ്യൻ പറയുന്നു.
ഇദ്ദേഹത്തിന്‍റെ കേസില്‍ ദേഹത്ത് വന്ന കുമിളകളെല്ലാം തന്നെ പഴുത്ത് പൊട്ടുന്ന സാഹചര്യമാണുണ്ടായത്. ഈ മുറിവെല്ലാം വൃത്തിയായി സൂക്ഷിക്കാനും മറ്റും ഏറെ പ്രയാസപ്പെട്ടുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘ദ ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിലാണ് സെബാസ്റ്റ്യൻ തന്‍റെ വേദനിപ്പിക്കുന്ന രോഗാനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ഇത് തീര്‍ച്ചയായും മങ്കിപോക്സിനെ നിസാരമായി കണക്കാക്കുന്നവര്‍ക്ക് ഒരു താക്കീത് തന്നെയാണ്. നേരത്തെയും മങ്കിപോക്സ് അനുഭവങ്ങള്‍ തുറന്നുപങ്കുവച്ചിട്ടുള്ളവരെല്ലാം ഇത് കടുത്ത വേദന നല്‍കുന്ന രോഗമായി തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ശാരീരികമായ വേദനയും ഒറ്റപ്പെടലും ക്രമേണ മാനസികപ്രശ്നങ്ങളിലേക്ക് നയിച്ചതായും രോഗികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സെബാസ്റ്റ്യനും ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്.