തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെപുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ പരി. ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ സൂസൈ പാക്യം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.ഇതേ സമയം റോമിലും വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായിട്ടുള്ള പ്രഖ്യാപനവും നടന്നു.
ബിഷപ്പ് എം. സൂസപാക്യം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായാണ് തോമസ് ജെ.നെറ്റോയെ തെരഞ്ഞെടുത്തത്.വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം ബിഷപ്പ് സൂസപാക്യം പാളയം കത്തീഡ്രൽ പള്ളിയിൽ വായിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസൈ പാക്യം പിതാവിന്റെ 32- മത് മെത്രാഭിഷേക വാർഷികത്തോട് അനുബന്ധിച്ച് നടന്ന കൃതജ്ഞത ദിവ്യബലിയിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.ചെയ്യാൻ ആഗ്രഹിച്ചതിന്റെ ഒരംശം പോലും നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് സൂസപാക്യം പറഞ്ഞു. 2004 മുതൽ തിരുവനന്തപുരം അതിരൂപതയെ നയിച്ച സൂസപാക്യം തീരദേശ ജനതയുടെ പ്രശ്‌നങ്ങളടക്കം മുഖ്യധാരയിലെത്തിച്ചാണ് ശ്രദ്ധേയനാകുന്നത്.
അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായാണ് തോമസ് ജെ.നെറ്റോയെ തെരഞ്ഞെടുത്തത്.വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം ബിഷപ്പ് സൂസപാക്യം പാളയം കത്തീഡ്രൽ പള്ളിയിൽ വായിച്ചു. എപ്പിസ്‌കോപ്പൽ വികാരിയായി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോ പുതിയ പദവിയിൽ എത്തുന്നത്. പുതിയതുറ ഇടവക അംഗമാണ്.
പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു എന്ന് ഡോ.സൂസപാക്യം പറഞ്ഞു.
ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.
സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചുഎന്നും ഡോ.സൂസപാക്യം പറഞ്ഞു.
നിലവിൽ രൂപതാ കോഓർഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയിൽ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബർ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി.
സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടർന്ന് വൈദികനാകാൻ സെന്റ് വിൻസന്റ് സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ പൗരോഹിത്യം സ്വീകരിച്ചു.
തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.
തുടർന്ന് ഉപരി പഠനത്തിനായി 1995 ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബിസിസി യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ് വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചു.
2009- ൽ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ് ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പിസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.
കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ്, കൊല്ലം രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, വികാരി ജനറൽ മോൺ. സി. ജോസഫ്, രൂപത വൈദികർ, സിനഡ് അംഗങ്ങൾ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.