സംസ്ഥാനത്തെ കോവിഡ് ക്ഷാമം രൂക്ഷമാകുന്നതിനിടെ മാസ്ക് ക്ഷാമവും വർധിക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എന്‍95 മാസ്‌കിന് കടുത്ത ക്ഷാമം എന്ന് റിപ്പോര്‍ട്ടുകൾ. വിപണിയില്‍ മാസ്കിന് ക്ഷാമം ഉണ്ടെന്നാണ് സൂചന.
എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്‌കിന് കടുത്ത ക്ഷാമം നേരിടുന്നത്. ജനറല്‍ ആശുപത്രിയിലടക്കം മാസ്‌ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സമാന സ്ഥിതി തന്നെയാണ്.
കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.
ആവശ്യപ്പെടുന്ന മാസ്‌കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്‌കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം.
ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കോവിഡ് ബാധിതരായി കണക്കാക്കണമെന്ന നിര്‍ദേശവുമുണ്ട്. 24 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന ഫലം നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും രണ്ടു ദിവസം വരെ ഫലത്തിന് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരാകുന്നതും ചികില്‍സയ്ക്ക് പ്രതിസന്ധി ആവുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയില്‍ കയറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന, കിടത്തി ചികില്‍സ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ആശുപത്രികള്‍ക്ക് നൽകിയിട്ടുണ്ട്.