ആലപ്പുഴ | ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും മാതാവും മരിച്ചു. കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. കുഞ്ഞ് ഇന്നലെയും അപര്‍ണ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയുമാണ് മരണപ്പെട്ടത്. ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്.