പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കില്ല. ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ തടഞ്ഞു. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. ഗവണ്‍മെന്റിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസിലാക്കുന്നത്. അതുമനസില്‍ വെച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ബാബുവിന് എതിരായ ഒരു നീക്കം ഇപ്പോള്‍ സമൂഹം അംഗീകരിക്കില്ല. അതു നമ്മള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു.
വിഷയത്തില്‍ നിയമപ്രശ്നമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നിയമപ്രശ്നം നിലനില്‍ക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് പോകുന്നത് ഉചിതമാണോ എന്ന പ്രശ്നമാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരിക. അതുകൊണ്ട് തന്നെ ഈ സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
വനംവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
നേരത്തെ, സംരക്ഷിത വനംമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് ബാബുവിനെതിരേ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ 27 പ്രകാരമാണ് വനംവകുപ്പ് ബാബുവിനെതിരേ കേസ് എടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നും പറഞ്ഞിരുന്നു.