നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്.
ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമൻ പിള്ള മറുപടി നൽകിയിട്ടുണ്ട്. താൻ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസിൽ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് രാമൻ പിള്ള പറഞ്ഞു.
പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തിൽ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾപോലും ഇല്ല. അതിനാൽ തന്നെ ഈ ആരോപണത്തിൽ തനിക്ക് ഹാജരാകാനോ വിശദീകരണം നൽകാനോ കഴയില്ലെന്ന് അഡ്വ. ബി രാമൻ പിള്ള ക്രൈം ബ്രാഞ്ചിന് നൽകിയ മറുപടിയിൽ പറയുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് സുരാജ് ഹാജരായത്.
ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.