തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 32 കോടി രൂപ സപ്ലെയ്‌കോക്ക് മുന്‍കൂറായി നല്‍കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.
തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനങ്ങള്‍. തുണി സഞ്ചിയുള്‍പ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഓണ വിപണിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന സപ്ലെയ്‌കോക്ക് കിറ്റ് തയ്യാറാക്കാന്‍ മാത്രം 32 കോടി മുന്‍കൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. റേഷന്‍കടകള്‍ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നല്‍കിയിരുന്നു.
അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.