എറണാകുളം: കടമക്കുടിയില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍. മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്നു രാവിലെയും ഫോണുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശം അയയ്ക്കുന്നതായി കുടുംബം ആരോപിച്ചു. ഓണ്‍ലൈന്‍ ചതിക്കുഴിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നിജോയുടെ സഹോദരനും മാതാവും പറഞ്ഞു.
ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്കെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം.