കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനുമെതിരേ താൻ ഉന്നയിച്ച ആരോപണങ്ങൾ ലോകായുക്ത ശരി വയ്ക്കുമെന്നും സർക്കാർ നിലംപൊത്തുമെന്നും മനസിലായപ്പോഴാണ് ലോകായുക്തയുടെ ചിറകരിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ച് പ്രധാന അഴിമതിക്കേസുകളാണ് ഈ സർക്കാരിനെതിരേ ലോകായുക്ത പരിഗണിക്കുന്നത്. അതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്.
അത് അംഗീകരിച്ച് ലോകായുക്തയുടെ വിധി വന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു സംഭവിച്ചതു തന്നെ ഇപ്പോഴത്തെ മന്ത്രി ബിന്ദുവിനും സംഭവിക്കും. അവസാന നിമിഷം വരെ കടിച്ചു തൂങ്ങിയ ജലീലിനു രാജിവയ്ക്കേണ്ടി വന്നു.
അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും രാജി വയ്ക്കേണ്ടി വരും. അതൊഴിവാക്കാൻ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണം. അതാണു സർക്കാർ നടപ്പാക്കുന്നത്. ഈ തിരിച്ചറിവ് മനസിലാക്കിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവനയെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.