കൊച്ചി : നടിയെ ആക്രമിച്ച് കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ അക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. കാവ്യയുടെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്‍റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നടൻ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. ഡിവൈഎസ്പി ബൈജു പൗലോസാണ് മൊഴി എടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നെന്ന് കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്‍റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്‍റെ പേരിലുള്ളതാണ് ഈ സിം കാർഡെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയുന്നതിനായാണ് അന്വേഷണ സംഘം കാവ്യയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തത്.
ബാലചന്ദ്രകുമാർ സ്ഥിരമായി വിളിച്ച നമ്പർ കാവ്യ മാധവൻ ഉപയോഗിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ കാവ്യ ഇത് നിഷേധിച്ചു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാർഡ്. ഇതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം മാതാപിതാക്കളിൽ നിന്ന് ചോദിച്ചറിഞ്ഞത്.
നടിയെ അക്രമിക്കുന്ന സമയത്ത് പനമ്പള്ളി നഗറിലെ സ്വകാര്യ ബാങ്കിൽ കാവ്യയ്ക്ക് അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. ഇതിലെ ഇടപാടുകൾ നടത്തിയിരുന്നത് അച്ഛൻ മാധവൻ്റെ സഹായത്തോടെ ആണെന്ന് കണ്ടെത്തിയിരുന്നു. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.