നടി ആക്രമിച്ചകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ ഫോണ്‍ കൈമാറ്റ വിഷയത്തില്‍ നടൻ ദിലീപിനെതിരെ ഗുരുതര വാദങ്ങളുമായി പ്രോസിക്യൂഷൻ. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചേ മതിയാകൂ എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ദിലീപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടാണ് കോടതി എടുത്തത്. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു.
ഇത്തരത്തില്‍ പരിശോധനക്ക് അയക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജന്‍സികള്‍ക്കാണ് അതിനുള്ള അവകാശമുള്ളതെന്നും കോടതി പറഞ്ഞു. അല്ലാത്ത പരിശോധനാ ഫലം തെളിവ് നിയമപ്രകാരം സാധുതയില്ലാത്തതാണെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പോലീസും മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടുന്നു എന്നാണ് ദിലീപ് പറഞ്ഞത്. 2017 മുതലുള്ള സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. കോടതി ദയവ് കാണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത് ദയയുടെ കാര്യമല്ലെന്നാണ് കോടതിയുടെ മറുപടി.
2017 ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇപ്പോള്‍ ചെയ്യുന്നത് ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപിനെതിരായ അന്വേഷണമായി മാറ്റുകയാണ്.തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ല. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. 2017 ഡിസംബറില്‍ എം ജി റോഡിലെ ഫ്‌ളാറ്റില്‍ വെച്ചും 2018 മെയില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിൽ പറഞ്ഞു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇത് രണ്ടാം ദിനമാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ദിലീപിന് വേണ്ടി അഡ്വക്കേറ്റ് ബി രാമന്‍പിള്ള ഹാജരായി. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ധന് പരിശോധിക്കാന്‍ നല്‍കിയിരിക്കുകയാണ് എന്നും വിവരങ്ങള്‍ കോടതിക്ക് കൈമാറാം എന്നുമാണ് ദിലീപ് അറിയിച്ചിരുന്നത്.