കൊല്ലം : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍ രഞ്ജിത്ത് (32) എന്നിവരാണ് പിടിയിലായത്.
നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. പലിശയ്ക്ക് നല്‍കിയ പണം തിരികെ കിട്ടാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതാണ് ഫൈസലിനെതിരായ കുറ്റം.ഏനാദിമംഗലം മാരൂര്‍ അനന്തു ഭവനില്‍ അനന്തു (32) വിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ലീസിന് വാഹനം വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലില്‍ കലാശിച്ചത്. ജൂണ്‍ ഒന്നിന് തിങ്കളാഴ്ച ഏഴ് മണിയോടെ മാരൂരില്‍ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘം അനന്തുവിനെ ഫോണില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊട്ടിയത്തുള്ള പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദിന്റെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് അനന്തുവിനെ ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദ്ദിച്ചു.
അനന്തു ഫൈസലില്‍ നിന്നും കാര്‍ ഈട് വാങ്ങി നല്‍കിയ 60,000 രൂപയ്ക്ക് പകരം രാത്രിയില്‍ തന്നെ അനന്തുവിന്റെ സഹോദരന്‍ ഫൈസലിന്റെ അക്കൗണ്ടിലേക്ക് 45000 രൂപയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ട നിഷാദിന്റെ അക്കൗണ്ടിലേക്ക് 30000 രൂപയും ട്രാന്‍സര്‍ ചെയ്ത് നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘം അനന്തുവിനെ വീണ്ടും മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി അടൂര്‍ വഴി പന്തളത്തെത്തിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു .കളനടയില്‍ വിജനമായ സ്ഥലത്തെത്തിച്ച ശേഷം ആറന്മുള റാന്നി വഴി കുട്ടിക്കാനത്തെത്തി.
അവിടെ വെച്ച് കാറിലെ പെട്രോള്‍ തീര്‍ന്നു. എ ടി എം ല്‍ നിന്നും പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡില്‍ കുടുങ്ങിയ സംഘത്തെ കണ്ട് ഹൈവെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് വരുന്നത് കണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അനന്തുവിനെ ഭീഷണിപ്പെടുത്തി, പൊലീസിനോട് മര്‍ദ്ദന വിവരം പറയരുതെന്നാവശ്യപ്പെട്ടു.ഫൈസലിന്റെ കാര്യം പറഞ്ഞതോടെ പൊലീസ് സംഘം മടങ്ങിപ്പോയി.പിന്നീട് കാറില്‍ പെട്രോള്‍ അടിച്ച ശേഷം പന്തളത്തേക്ക് തിരിച്ചു.