കൊച്ചി: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒളിവില്‍ പോയ അച്ചാമ്മയെന്ന റെജിയെ കുടുക്കിയത് ചിട്ടയായ അന്വേഷണം. അയ്യാമ്മ ജോലി ചെയ്ത കടയിലെത്ത് സാരി വാങ്ങാനെന്ന പേരില്‍ പൊലീസ് സംഘം നിരീക്ഷണം നടത്തി. റെജിയുടെ പെരുമാറ്റത്തിലെ സ്വാഭാവികത കാരണം അന്നത്തെ അറസ്റ്റ് ഒഴിവാക്കി. ‘സാരി ഒന്നും ഇഷ്ടപ്പെട്ടില്ല, മറ്റൊരു കടയില്‍ നോക്കട്ടെ’ എന്നു പറഞ്ഞു മടങ്ങി സംഘം.
തലേന്നു കോതമംഗലത്തെ കടയിലെത്തി തുണിയെല്ലാം തിരിച്ചും മറിച്ചും നോക്കി ഇഷ്ടപ്പെടാതെ മടങ്ങിയവര്‍ വീണ്ടും കടയിലേക്കു വരുന്നതു കണ്ടു സൗമ്യമായ ചിരിയോടെയാണ് മിനി രാജു ( ഒളിവില്‍ പോയപ്പോള്‍ മാറ്റിയ പേര്) അവരെ സ്വീകരിച്ചത്. അവരില്‍ ഒരാള്‍ മിനിയുടെ അടുത്തുവന്നു പതിയെ ‘റെജി’ എന്നു വിളിച്ചു. ചിരിമാഞ്ഞ് മുഖത്ത് അമ്പരപ്പു പടര്‍ന്നെങ്കിലും താന്‍ മിനിയാണെന്നു പറഞ്ഞു തീരും മുന്‍പേ തങ്ങള്‍ പൊലീസുകാരാണെന്നു വ്യക്തമാക്കിയ അവര്‍ ഒപ്പം വരാനും നിര്‍ദേശിച്ചു. മറിയാമ്മ കൊലക്കേസില്‍ റെജിയുടെ 27 വര്‍ഷം നീണ്ട ഒളിവുജീവിതം അവസാനിച്ച നിമിഷമായിരുന്നു അത്.
മറിയാമ്മയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു റെജി. 1990ലാണു കൊലനടത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. 1993ല്‍ വിചാരണക്കോടതി വിട്ടയച്ചെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി 1996ല്‍ ജീവപര്യന്തം തടവു വിധിച്ചു. പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും മുന്‍പു റെജി സ്ഥലം വിടുകയായിരുന്നു.