തിരുവനന്തപുരം : ഇത്തവണ അനന്തപുരി ഭക്തി സാന്ദ്രമാകില്ല. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല വീടുകളിൽ മാത്രമായി നടത്താൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊങ്കാല വീടുകളിൽ മാത്രമായി ചുരുക്കിയത്. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
2022 ഫെബ്രുവരി 17 നാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. കുത്തിയോട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടർ പറഞ്ഞു.
പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഉത്സവ മേഖലയായിട്ടുള്ളഎല്ലാ വാർഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ൽ ലളിതമായാണ് പൊങ്കാല ചടങ്ങുകൾ നടത്തിയത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.