കൊച്ചി: ബ്രോ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വി കെ പ്രശാന്തും കെ യു ജനീഷ്‌കുമാറും തങ്ങളുടെ മണ്ഡലത്തിലെ നൂറാമത്തെ റോഡ് ഉദ്‌ഘാടനം ചെയ്യുന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി .
വി കെ പ്രശാന്താകട്ടെ, മണ്ഡലത്തിലെ നൂറാം റോഡ് പൂർത്തിയായതായി ശനിയാഴ്‌ച ഉച്ചയ്‌ക്ക് പ്രഖ്യാപിച്ചു. മലമുകളിൽ പൂർത്തിയായ 99–-ാം റോഡിന്റെ വിവരവും ഫെയ്‌സ് ബുക്കിലിട്ടു. കഴിഞ്ഞ ആറുമാസമായി നടത്തുന്ന റോഡ് ഉദ്‌ഘാടനങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജനീഷ്‌കുമാർ വെള്ളിയാഴ്‌ച ഒറ്റദിവസം രാവിലെ തുടങ്ങി അർധരാത്രി വരെ ഓടിനടന്ന് നൂറ് റോഡും ഉദ്‌ഘാടനം ചെയ്‌തു. അക്കാര്യം അപ്പപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രം സഹിതം പോസ്‌റ്റ് ചെയ്‌തത് ചർച്ചയായി.ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എൻസിഎഫ്ആർ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ചിറ്റാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശ്രീകൃഷ്ണപുരം – കുറുമുട്ടം റോഡ് തുറന്നുകൊടുത്താണ് ജനീഷ് തുടങ്ങിയത്. രാത്രി 12ന് സീതത്തോട് പഞ്ചായത്ത് ഏഴാം വാർഡിലെ കൊച്ചു കോയിക്കൽ – കല്ലിൽ പടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്.
ഇതേസമയം, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ 148–-ാം കേസിലും ജാമ്യം കിട്ടി 96 ദിവസത്തിന് ശേഷം രണ്ടുനാൾ മുമ്പ് പുറത്തിറങ്ങി. ഒപ്പം സഭകണ്ട ഇടത് എംഎൽഎമാരെ നൂറിനെതിരെ 148 ന് കടത്തിവെട്ടിയിരിക്കുകയാണ് മഞ്ചേശ്വരത്തെ കമറുദ്ദീന്‍.