റഷ്യന്‍ സൈന്യം യുക്രൈനില്‍ തിരിച്ചടി നേരിട്ട് തുടങ്ങിയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തു നില്‍പ്പുകള്‍ ഉണ്ട്. ഇതിനിടയില്‍ ഒരു പാവസര്‍ക്കാര്‍ സ്ഥാപിക്കാനുള്ള പുതിയ പദ്ധതി വിജയിക്കാനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.
രഹസ്യാന്വേഷണ മേധാവികള്‍ ചൊവ്വാഴ്ച യുഎസ് എംപിമാരോടാണ് ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്. അടുത്ത ആഴ്ചകളില്‍ ആക്രമണം രൂക്ഷമാക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. യുക്രൈനിലെ റഷ്യന്‍ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സൈന്യം നേരിടാനിടയുള്ള വെല്ലുവിളികളും യുക്രൈന്റെ ചെറുത്തുനില്‍പ്പ് ശേഷിയും റഷ്യന്‍ നേതൃത്വം കുറച്ചുകണ്ടു. ഇപ്പോഴത്തേതുപോലൊരു ചെറുത്തുനില്‍പ്പ് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സൈനികനീക്കത്തിനുള്ള പ്രതിസന്ധികളും തെറ്റായ പദ്ധതികളും റഷ്യയുടെ മുന്നേറ്റത്തെ ബാധിച്ചുവെന്നും ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് അവ്‌റില്‍ ഹെയിന്‍സ് വ്യക്തമാക്കി.