യുക്രൈനെതിരെയുള്ള ആക്രമണം കടുപ്പിച്ച് റഷ്യ. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ അപകടത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അതേയമയം, യുക്രൈനില്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യന്‍ സേന എത്തിയെന്നാണ് റിപ്പോര്‍ട്ട്. ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സേനയുടെ ആക്രമണം തുടരുകയാണ്.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്ഫോടനം പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിക്ക് പടിഞ്ഞാറന്‍ കീവില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ സ്ഫോടനം നഗരത്തിലെ പ്രധാന വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നുമാണ് ഉണ്ടായത്.
അതിനിടെ, യുക്രൈനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎസും അല്‍ബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. യുഎസും അല്‍ബേനിയയും റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രത്യേക ജനറല്‍ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം അംഗീകരിക്കുന്നതിനായാണ് പുതിയ നീക്കം.