മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അദ്ദേഹത്തിന്റെ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ട റായിരുന്ന സോമനാഥ് ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ എഴുതിയിരുന്ന പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തവയാണ്.
നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ടു എന്ന നേട്ടം സ്വന്തമാക്കിയിരുന്ന സോമനാഥിന് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്.
വള്ളിക്കുന്ന് അത്താണിക്കലിലാണ് സോമനാഥ് ജനിച്ചത്. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്. രാധയാണ് സോമനാഥിന്റെ ഭാര്യ. ദേവകി മകളാണ്. സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍ നടക്കും.