തിരുവനന്തപുരം : പാലക്കാട് മരുതറോഡിൽ സിപിഐ എം ലോക്കൽ കമ്മറ്റിയംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ്- ബിജെപി സംഘമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
ഷാജഹാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
അതേസമയം, ഷാജഹാന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളുകയാണ്. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ച് വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്. ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിനും സിപിഎം ആരോപണങ്ങൾക്കും പിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്.
ഇന്നലെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആഎസ്എസാണ് കൊലപ്പെടുത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍, ആരെയും പഴി ചാരാൻ ഇല്ലെന്നായിരുന്നു എ കെ ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആദ്യം അറിയിച്ചത്. ഷാജഹാനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു എന്ന് പറഞ്ഞ മലമ്പുഴ എംഎൽഎ എ പ്രഭാകരനും പ്രസ്താവന തിരുത്തി. എന്നാൽ, ഇന്നുച്ചയോടെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രഖ്യാപിച്ചു. ഈ വൈരുദ്ധ്യങ്ങളാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്‌ണജയന്തിയുടെ ബോർഡ് വയ്‌ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. നിഷ്‌ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്.
കേരളത്തിൽ മാത്രം ആറ് വർഷത്തിനിടെ 17 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്‌ട്രീയത്തിന് കേരളത്തിൽ സിപിഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്.
സംസ്ഥനത്ത് പുലരുന്ന സമാധാനം തകർത്ത് കലാപമുണ്ടാക്കലാണ് ആർഎസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.