ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം പുരോഗമിക്കുന്നു. പ്രതികളുടെ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സമാനതകളില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്നും സഹപ്രവർത്തകയെ പീഡിപ്പിച്ചതിന്റ വിഡിയോ ലഭിക്കാൻ ക്വട്ടേഷൻ നൽകിയവരാണ് പ്രതികളെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഡി വൈഎസ് പി ബൈജു പൗലോസും ബാലചന്ദ്ര കുമാറും തമ്മിൽ ഒരു ബന്ധവുമില്ല എന്നും ദിലീപിന് ജാമ്യത്തിന് അർഹതയില്ലെന്നും പ്രോസിക്യൂഷൻ പറയുന്നു. പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം പ്രതിഭാഗം അതിനു മറുപടി നല്‍കും. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇടയായ സാഹചര്യം അടക്കം വിശദീകരിച്ചു കൊണ്ടുള്ള വാദമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നടത്തുന്നത്.
ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.
ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ വാദങ്ങൾ ഖണ്ഡിക്കാനാണ് ഇന്നത്തെ വാദത്തിൽ പ്രോസിക്യൂഷൻ്റെ ശ്രമം. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്.