കോട്ടയം :കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമല്‍ജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ആത്മഹത്യയിലേക്ക് നയിച്ചത് അധികൃതരുടെ മാനസിക പീഡനമാണെന്നും. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി.വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റിന്റെ മാനസിക പീഢനമാണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.
അതേസമയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസിൽ വച്ച് അതിര് വിട്ട് ശകാരിച്ചതായും സഹപാഠികൾ പറയുന്നു. പ്രശ്‌നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് അവർ അറിയിച്ചു.
കോളേജിലെ ലാബിൽ മൊബൈൽ ഉപയോഗിച്ച് എന്ന കാരണത്താൽ കോളേജ് അധികൃതർ വീട്ടിൽ വിളിച്ച് ശ്രദ്ധയെപ്പറ്റി കുറ്റങ്ങൾ പറഞ്ഞെന്ന് സഹപടികൾ ആരോപിച്ചു. ഇതോടെ ശ്രദ്ധ മാനസിക സമ്മർദ്ദത്തിലായി. മരിച്ചാൽ മതിയെന്നും ജീവിതം മടുത്തെന്നും ലാബിൽ വച്ച് പറഞ്ഞതായും സഹപാഠികളുടെ ശബ്ദസന്ദേശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലാബിലെ ടീച്ചറും വകുപ്പ് മേധാവിയുമാണ് പ്രശ്നം വഷളാക്കിയത്. ഹോസ്റ്റൽ മുറിയിലെത്തിയ ശ്രദ്ധ ആരോടും ഒന്നും മിണ്ടിയില്ല എന്ന് അവർ വ്യക്തമാക്കി.
ശ്രദ്ധയുടെ മരണത്തിൽ കോളജിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ പിടിച്ചുവച്ചെന്ന് ഉൾപ്പെടെയാണ് വീട്ടുകാർ പരാതിപ്പെടുന്നത്. കോളജിന്റെ ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞാണ് കോളജ് അധികൃതർ വിദ്യാർത്ഥിനിയെ ശകാരിച്ചിരുന്നത്. രണ്ട് ദിവസത്തോളം കോളജ് അധികൃതർ കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചു. ഫോൺ തിരികെ കിട്ടണമെങ്കിൽ എറണാകുളത്തുനിന്നും മാതാപിതാക്കൾ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാർത്ഥിനിയോട് കോളജ് അധികൃതർ പറഞ്ഞിരുന്നു.
ഇതിനിടെ, ശ്രദ്ധയുടെ മരണത്തിൽ അമൽ ജ്യോതി കോളേജിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമരവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. കോളേജിലേക്ക് എസ്എഫ്ഐയും എബിവിപിയും കെഎസ്‌യുവും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.