തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 44,363 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.
2961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ 3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൽ 1618 പേരും പരീക്ഷ എഴുതി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി.
എസ്എസ്എൽസി പരീക്ഷയിൽ 2134 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം 2210 സ്കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്.
എസ്എസ്എൽസി പ്രൈവറ്റ് പുതിയ സ്‌കീമിൽ ആകെ 275 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 206 പേര് വിജയിച്ചു. 74.91 ശതമാനം ആണ് വിജയം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ നൽകാം. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. ജൂലൈയിൽ സേ പരീക്ഷ നടത്തും.
എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വർഷമൊഴിക്കെ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഫുൾ എ പ്ലസ് കിട്ടിയവരുടെ എണ്ണം മനപൂർവ്വം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രേസ് മാർക്ക് ഇല്ലാതിരുന്നത് വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ല. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യം ഒരുക്കും. പ്ലസ് വണിന് 3,61,000 സീറ്റുകൾ ഉണ്ട്. വിഎച്ച്എസ്.സി അടക്കം 4,67,000 സീറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
സംസ്ഥാനത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പൂർണമായി ഉടച്ചു വാർക്കുമെന്ന് പരീക്ഷഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിനായുള്ള ആശയരൂപീകരണത്തിനുള്ള യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ കരിക്കുലം കമ്മിറ്റിയും യോഗം ചേരും. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി പറഞ്ഞു.