ബ്ളാക്ക് റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ചില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 21ന് ഞായറാഴ്ച്ച

Must Read

ഡബ്ലിന്‍ : സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ ജനുവരി 21 ന് ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു .അന്നേ ദിവസം ജപമാല സമര്‍പ്പണം , വിശുദ്ധ കുര്‍ബാന, കഴുന്നെടുക്കല്‍ , ലതീഞ്ഞ് ,ആഘോഷമായ പ്രദക്ഷിണം, പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിന്‍റ്റ് സെബാസ്റ്റ്യന്‍ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിന്‍റ്റ് സെബാസ്റ്റ്യന്‍റെ തിരുനാള്‍ കേരളത്തില്‍ അമ്പ്‌ തിരുനാള്‍, മകരം തിരുനാള്‍, പിണ്ടി തിരുനാള്‍ , വെളുത്തച്ചന്റെ തിരുനാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. അമ്പെയ്ത് കൊല്ലാന്‍ ശ്രമിച്ചതിന്‍റെ ഓര്‍മ്മക്കായി “അമ്പ്” ഒരു പ്രധാന അടയാളമായി വിശ്വാസികള്‍ കണക്കാക്കുന്നു. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും തിരുനാളിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്.

വിശുദ്ധന്റെ തിരുനാളിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് ഇടവക വികാരി റവ. ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

ആരാണ് വിശുദ്ധ സെബസ്റ്റ്യാനോസ് ?

ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നര്‍ബോണ എന്ന നഗരത്തില്‍ കാത്തലിക് മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ല്‍ സെബാസ്റ്റ്യന്‍ ജനിച്ചു. ജനിച്ചത് നര്‍ബോണയില്‍ ആണെങ്കിലും അദ്ദേഹം വളര്‍ന്നത് മിലന്‍ നഗരത്തില്‍ ആണ്. സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതര്‍ വിശിഷ്ടമായി കണ്ടിരുന്നു. സ്വന്തമായി താല്‍പര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ വിട്ട് റോമില്‍ എത്തി.

കാരിനസ് രാജാവിന്‍റെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കണം എന്നു കാരിനസ് കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. എതിര്‍ത്തവരെ രാജാവ് വധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെബാസ്റ്റ്യന്‍ താന്‍ ക്രിസ്തു വിശ്വാസി ആണ് എന്ന സത്യം മറച്ചു വെച്ചിരുന്നു.കുറച്ചു കാലം കഴിഞ്ഞ് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരിനസ് വധിക്കപ്പെട്ടു. ഡയോക്ലീഷ്യന്‍ തന്‍റെ സാമന്തനായ മാക്സിമിയനുമായി ആലോചിച്ച് യുദ്ധനിപുണനായ സെബാസ്റ്റ്യനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവി നല്‍കി ആദരിക്കുകയും ചെയ്തു ‌.

ഡയോക്ലീഷ്യനും കാരിനസിനെ പോലെ ക്രിസ്തുമത വിരോധി ആയിരുന്നു. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍, വെള്ളപ്പൊക്കം, ഭൂകമ്പം, വരള്‍ച്ച തുടങ്ങിയവയുടെ കാരണം ക്രിസ്ത്യാനികള്‍ ആണെന്ന് ആരോപിച്ച് ഡയോക്ലീഷ്യന്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.പരിതാപകരമായ അവസ്ഥയില്‍ നിന്ന് തന്‍റെ സഹജീവികള്‍ക്ക് മോചനം ഉണ്ടാകണമെന്ന് സെബാസ്റ്റ്യന്‍ ആഗ്രഹിച്ചു. അദ്ദേഹം ആരുമറിയാതെ ക്രിസ്തു വിശ്വാസികളുടെ രക്ഷക്കുവേണ്ടി പ്രവര്‍ത്തിച്ചു.

എ. ഡി. 288 ല്‍ തന്‍റെ വിശ്വസ്തനായ സൈന്യാധിപന്‍ സെബാസ്റ്റ്യന്‍ ക്രിസ്തു വിശ്വാസി ആണെന്ന സത്യം ഡയോക്ലീഷ്യന്‍ മനസ്സിലാക്കി. രാജ്യദ്രോഹകുറ്റത്തിനു് സെബാസ്റ്റ്യന്‍ തടവിലാക്കപ്പെട്ടു. അപ്പോഴും സെബാസ്റ്റ്യനോട്‌ ഇഷ്ടം നിലനിര്‍ത്തിയിരുന്ന ഡയോക്ലീഷ്യന്‍ റോമന്‍ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ തിരികെ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ആ ദേവന്മാരോട് പ്രാര്‍ത്ഥിക്കുന്നത് നിഷ്ഫലമാണെന്നും പ്രപഞ്ച സ്രഷ്ടാവായ ജീവിക്കുന്ന ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ഡയോക്ലീഷ്യനെ സെബാസ്റ്റ്യന്‍ ഉപദേശിച്ചു.

പിന്നീട് റോമന്‍ ദേവന്മാരെ ആരാധിച്ചില്ലെങ്കില്‍ തീയില്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ തീ തനിക്ക് പനിനീര്‍ പൂക്കളാല്‍ നിര്‍മിച്ച മെത്ത പോലെയായിരിക്കും എന്ന് സെബാസ്റ്റ്യന്‍ ചക്രവര്‍ത്തിയെ വെല്ലുവിളിച്ചു. അതുമാത്രമല്ല ചക്രവര്‍ത്തിയോട് താങ്കള്‍ ക്രിസ്തു മതം സ്വീകരിക്കുവാന്‍ സെബാസ്റ്റ്യന്‍ കല്‍പ്പിച്ചു. ഇതിനാല്‍ കോപം കൊണ്ട് ജ്വലിച്ച ഡയോക്ലീഷ്യന്‍ മൈതാനമധ്യത്തില്‍ സെബാസ്റ്റ്യനെ മരത്തില്‍ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ഡയോക്ലീഷ്യന്‍റെ സേവകര്‍ സെബാസ്റ്റ്യനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് നിരവധി അമ്പുകള്‍ എയ്തു.

രക്തം വാര്‍ന്ന് സെബാസ്റ്റ്യന്‍ അബോധാവസ്ഥയിലായി. എന്നാല്‍ സേവകര്‍ സെബാസ്റ്റ്യന്‍ മരിച്ചു കാണും എന്ന് തെറ്റിദ്ധരിച്ചു. സെബാസ്റ്റ്യന്റെ ശരീരം അവിടെ ഉപേക്ഷിച്ച് പോയി. എന്നാല്‍ അവര്‍ക്ക് തെറ്റി. കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കാരുണ്യത്താല്‍ (വിശ്വാസം) ആ വഴി വന്ന ഐറിന്‍ എന്ന സ്ത്രീ തന്‍റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സെബാസ്റ്റ്യന്‍റെ ശരീരം അവിടെ നിന്ന് എടുത്തു കൊണ്ട് തന്റെ വീട്ടില്‍ കൊണ്ടുവന്ന് ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സെബാസ്റ്റ്യന്‍ ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിലേക്ക് തിരിച്ചു വന്നു.

ധീരനായ സെബാസ്റ്റ്യന്‍ വീണ്ടും ചക്രവര്‍ത്തിയുടെ മുന്നില്‍ എത്തുകയും ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ചക്രവര്‍ത്തിയെ അതിശക്തമായി ശാസിക്കുകയും ചെയ്തു. ആ സമയത്ത് ഡയോക്ലീഷ്യന്‍ വളരെയധികം ഭയപ്പെട്ടു. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ഈ വന്നിരിക്കുന്നത് സെബാസ്റ്റ്യന്റെ പ്രേതം ആണോ എന്ന് ചിന്തിച്ചു ഭയന്ന് വിറച്ചു നിന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം സെബാസ്റ്റ്യന്റെ സംസാരത്തില്‍ നിന്നും ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിക്ക് ഇത് സെബാസ്റ്റ്യന്റെ പ്രേതമല്ല സെബാസ്റ്റ്യന്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടു. അതിനാല്‍ സെബാസ്റ്റ്യനോട്‌ എന്നത്തേക്കാളും ഏറെ ദേഷ്യം ഉള്ളവനായി ചക്രവര്‍ത്തി തീരുകയും ചെയ്തു.

തന്‍റെ ഭടനോട് രാജസന്നിധിയില്‍ വെച്ചുതന്നെ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചു കൊല്ലാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എ.ഡി. 288 ജനുവരി 20 നാണ് അത് സംഭവിച്ചത്. അങ്ങനെ സെബാസ്റ്റ്യന്‍ ക്രിസ്തുവിനെ പ്രതി രക്തസാക്ഷി ആയി തീര്‍ന്നു. “സ്നേഹം തെളിയിക്കാന്‍ മരണത്തേക്കാള്‍ വലിയൊരു മാര്‍ഗമില്ല” എന്ന് യേശു ക്രിസ്തു പറഞ്ഞ വാക്കുകള്‍ അദ്ദേഹം പാലിച്ചു. യേശു ക്രിസ്തുവിനോട് സ്നേഹം കാണിച്ചു. തന്റെ ക്രിസ്തു വിശ്വാസത്തില്‍ നിന്നും പിന്‍മാറാതെ സെബാസ്റ്റ്യന്‍ ക്രിസ്തുവിനോടുളള സ്നേഹം മുറുകെ പിടിച്ചു. ക്രിസ്തുവിനോടുളള സ്നേഹം രക്തസാക്ഷി ആയി സെബാസ്റ്റ്യനോസ് കാണിച്ചു.

പിന്നീട് സെബാസ്റ്റ്യന്‍റെ ശരീരം ആരുമറിയാതെ ചക്രവര്‍ത്തിയുടെ ഭടന്മാര്‍ ഓടയില്‍ എറിഞ്ഞു. ഓടയില്‍ എറിയപ്പെട്ട ദിവസം തന്നെ ലൂസിന എന്ന സ്ത്രീക്ക് പ്രാര്‍ത്ഥനയില്‍ വെളിപാട് ലഭിച്ചു. അവര്‍ ചെന്നു നോക്കിയപ്പോള്‍ മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു പറക്കുന്ന കാഴ്ചയാണ് കണ്ടത്. ഓടയില്‍ പരന്തുക്കള്‍ക്ക് സെബാസ്റ്റ്യന്റെ ശരീരം ഭക്ഷിക്കുവാന്‍ ഭടന്മാര്‍ എറിഞ്ഞു കൊടുത്തതാണ്. എന്നാല്‍ അവര്‍ ശരീരത്തിന് കാവലായി.

ആപ്യന്‍ എന്ന പാതക്ക് അടുത്തുള്ള ഒരു ഭൂഗര്‍ഭ ഗൃഹത്തില്‍ ലൂസിന സെബാസ്റ്റ്യന്‍റെ മൃതദേഹം സംസ്ക്കരിച്ചു. ഇത് ഇന്നൊരു ബസിലിക്ക ദേവാലയമാണ്. സെയിന്‍റ്റ് സെബാസ്റ്റ്യന്‍റെ പേരിലുള്ള ആദ്യത്തെ പള്ളി ഈ സ്ഥലത്താണ് സ്ഥാപിതമായത്. ഈ വിവരം അറിഞ്ഞ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി പിന്നീട് ലൂസിനയെ വധിച്ചു.

1575 ല്‍ മിലാനിലും ഇറ്റലിയിലും 1596 ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചു. സെയിന്‍റ്റ് സെബാസ്റ്റ്യന്റെ തിരുസ്വരൂപവുമായി വിശ്വാസികള്‍ അവിടം തോറും പ്രദക്ഷിണം നടത്തിയപ്പോള്‍ അവിടെ അത്ഭുതകരമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ അത് മറന്നു. ആ കാരണത്താല്‍ പിന്നീട് വീണ്ടും അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ തുടങ്ങി. അപ്പോഴാണ് അവര്‍ ആ ഒരു തീരുമാനത്തെക്കുറിച്ച് ചിന്തിക്കുന്നത്.

എന്നാല്‍ ഇത് അവര്‍ ചിന്തിക്കുന്നത്. അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ലോകം ചുറ്റാന്‍ ഒരുങ്ങി. ലോകം ചുറ്റാനായി അവര്‍ ഉപയോഗിച്ച കപ്പല്‍ എളുപ്പത്തില്‍ ഒന്നും നശിക്കാത്തതായിരുന്നു. ആ കപ്പല്‍ നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തു എന്ന് പറയപ്പെടുന്നു. അങ്ങനെ അവര്‍ ആ കപ്പലില്‍ ലോകം ചുറ്റാന്‍ ആരംഭിച്ചു. അങ്ങനെ ലോകം ചുറ്റി കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു കടല്‍ ക്ഷോഭം ഉണ്ടാവുകയും കപ്പല്‍ അവിടെ നിന്ന് പോവുകയും ചെയ്യുന്നു.

മുമ്പ് എപ്പോഴോ തീരുമാനിക്കപ്പെട്ടതുപോലെയാണ് കപ്പല്‍ അവിടെ വന്ന് നിന്നു പോയത്. അത് ഒരു അത്ഭുതം ആയി കണക്കാക്കുന്നു. അതിന് ശേഷം ഈ തിരുസ്വരൂപം ഇവിടുന്ന് സമീപത്തുള്ള അര്‍ത്തുങ്കല്‍ എന്ന ദേവാലയത്തില്‍ ഏല്‍പ്പിക്കണം എന്ന് കപ്പിത്താന് ദര്‍ശനം ലഭിച്ചു. അതേ സമയം കപ്പലില്‍ വന്നെത്തിയ തിരുസ്വരൂപം ഈ ദേവാലയത്തില്‍ സ്ഥാപിക്കണം എന്ന് അര്‍ത്തുങ്കല്‍ പള്ളി വികാരിക്കും സ്വപ്ന ദര്‍ശനം ഉണ്ടായി.

അങ്ങനെ പള്ളി വികാരി ആ അത്ഭുത തിരുസ്വരൂപം ഏറ്റെടുക്കുന്നു. അങ്ങനെ വിശുദ്ധന്‍റെ ആ അത്ഭുത തിരുസ്വരൂപം അര്‍ത്തുങ്കല്‍ കടപ്പുറത്ത് ഒരു കുരിശടി നിര്‍മ്മിച്ച് അതിനുള്ളില്‍ സ്ഥാപിച്ചു. ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക ദേവാലയത്തിന്റെ പഴയ പള്ളിയില്‍ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This