കൊച്ചി: ശക്തമായ രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ .സിപിഐഎമ്മിലെ ചിരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ.
അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ.സുരേന്ദ്രൻ.
സിപിഐഎമ്മിന് മാത്രമല്ല കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് പി.ജെ.ജോസഫ്. വിമർശനങ്ങൾ പോലും ചിരിച്ചുകൊണ്ട് ഖണ്ഡിക്കുന്ന നേതാവായിരുന്നു. കേരളം കണ്ട മികച്ച ആഭ്യന്തര മന്ത്രിമാരിൽ ഒരാൾ. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഇടപെട്ട് പരിഹരിക്കുന്ന നേതാവവായിരുന്നു. ഓരോ പ്രശ്നത്തിലും മനുഷ്യത്വത്തോടെ ഇടപെട്ടിരുന്ന നേതാവായിരുന്നു കോടിയേരിയെന്നും പി.ജെ.ജോസഫ്.
അതിനിടെ കോടിയേരിയുടെ വിയോഗം കേരളത്തിന്റെ പൊതു രംഗത്തിന് തീരാ നഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. നിലപാടുകൾക്കിടയിലും പ്രതിപക്ഷത്തോട് വ്യക്തിബന്ധം സൂക്ഷിച്ച ആളാണ് അദ്ദേഹം. രാഷ്ട്രീയമായി വ്യത്യസ്ഥ നിലപാട് സ്വീകരിക്കുമ്പോഴും കോടിയേരിയുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള ചൈനയാത്രയാണ് ഈ സന്ദർഭത്തിൽ ഓർമ്മിക്കുന്നതെന്നും കെ.മുരളീധരൻ പ്രതികരിച്ചു.
അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് രാവിലെ 11.40ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തും. എം.വി.ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.
തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും.തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി ഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.