തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് സംശയിക്കുന്നതായി സ്വപ്ന സുരേഷ്. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയതിന് പിന്നില്‍ ശിവശങ്കറിന്റെ അധികാരം ഉണ്ടാകാമെന്ന് സ്വപ്ന സുരേഷ് പറയുന്നു.
ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും സ്വപ്ന പറഞ്ഞു.
ശിവശങ്കറിനൊപ്പം ആര് നില്‍ക്കും നില്‍ക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ് എന്ന് സ്വപ്ന പറഞ്ഞു.
ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നെങ്കില്‍ ആക്രമണം, അല്ലെങ്കില്‍ മരണം അല്ലെങ്കില്‍ ജയില്‍ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നറിയില്ല. എന്താണോ സംഭവിക്കാന്‍ പോകുന്നത് അതിനെ നേരിടാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങള്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്.
എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.