എറണാകുളം :സിറോ മലബാർ സഭയിലെ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതുവ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർക്ക് എതിരെ ആയിരുന്നു വിമത വൈദികരുടെ പ്രതിഷേധം.
സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥാനയജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് ഇവർ ആരോപിച്ചു. പിടിവലിയിൽ വൈദികർക്ക് പരിക്കേറ്റു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയെന്ന് വിമർശനം.
ബിഷപ്പ് ഹൗസിൻ്റെ കവാടം തള്ളിത്തുറക്കാൻ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൈദികരുൾപ്പെടെയുള്ള വിമത വിഭാഗമാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നിലവിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.
സർക്കാർ നിങ്ങൾക്കെതിരാണെന്ന് എസിപി പറഞ്ഞെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ പർട്ടികൾ നിലപാട് അറിയിക്കണമെന്നും ആവശ്യമുയർന്നു. ബിഷപ്പ് ഹൗസിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെ വിമത വിഭാഗം സെന്റ് മേരീസ് ബസലിക്കക്ക് മുന്നിൽ പ്രതിഷേധിച്ചു. സിനഡ് കഴിഞ്ഞ് ബോസ്കോ പുത്തൂർ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുൻപ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രതിഷേധിച്ച വൈദികരെ മാറ്റി എന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസിൽ നിന്ന് മാറ്റിയെങ്കിലും ബസ്സിലിക്കയിൽ വൈദികർ പ്രതിഷേധം തുടരുകയാണ്. അതേസമയം, പ്രതിഷേധിക്കുന്ന വൈദികർ പൗരോഹിത്യത്തെ അപഹാസ്യമാക്കുകയാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു.
അതിനിടെ, എറണാകുളം ബിഷപ് ഹൗസിലെ സംഘർഷത്തിൽ വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതിഷേധിക്കുന്ന വൈദികരെ ബലം പ്രയോഗിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലർച്ചെ മുതൽ തുടങ്ങിയ പ്രതിഷേധം ഇടയ്ക്ക് തണുത്തെങ്കിലും റോഡ് തടഞ്ഞുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പൊലീസിനെതിരെ വിശ്വാസികൾ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, തഹസിൽദാർ ഉടൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തും. ഈ ആഴ്ച്ച തന്നെ പ്രതിഷേധക്കാരെ കാണുമെന്ന് കളക്ടർ അറിയിച്ചു.
ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികർ ആരോപിക്കുന്നത്. പ്രായമായ വൈദികർക്ക് അടക്കം മർദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികർ പൊലീസിനെതിരെ ഉയർത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ പൊലീസുകാർ തയ്യാറായില്ലെന്നും വൈദികർ ആരോപിക്കുന്നു.