വയനാട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
ഇതിന് പുറമേ പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീടും നിര്‍മ്മിച്ച് നല്‍കും. വീട് ശരിയാകുന്നത് വരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി നല്‍കി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈഫന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വയനാട് പുല്‍പ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോള്‍ സാമ്ബത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്തില്‍ സംഘടനയുടെ ഭാഗമായി. ദീര്‍ഘകാലത്തെ മാവോയിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് അതിന്റെ അര്‍ഥശൂന്യത ലിജേഷിന് മനസ്സിലായി. തുടര്‍ന്ന് സര്‍ക്കാരിന്റെ മാവോയിസ്റ്റ് സറണ്ടര്‍ പോളിസിയെപ്പറ്റി അറിയുകയും കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ കീഴടങ്ങുകയുമായിരുന്നു.
സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് മടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്റ്റൈഫന്റും ജീവനോപാധികളും നല്‍കാനായി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാവുന്നതാണ്.