മുഖ്യമന്ത്രിമാര്‍ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. അത് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സംഭവിക്കാറുള്ളതും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് ബി.ജെ.പി മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിച്ചത്. പാര്‍ട്ടിയിലെ ചേരിപ്പോരിനൊടുവില്‍ ത്രിവേന്ദ്ര സിങ്ങ് റാവത്തും പിന്നാലെ തിരാഥ് സിങ് റാവത്തും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി പുഷ്കര്‍ സിങ് ധാമിയെ പിന്‍ഗാമിയായി നിയോഗിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും തികച്ചില്ലാത്ത സാഹചര്യത്തിലായിരുന്നു ധാമിയുടെ സ്ഥാനാരോഹണം. തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയാകുമ്ബോള്‍ മുഖ്യമന്ത്രി തോല്‍ക്കുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിച്ചു. അതേസമയം, ധാമിയുടെ പാര്‍ട്ടിയാകട്ടെ എക്സിറ്റ് പോളുകളെ കവച്ചുവെക്കുന്ന വിജയം നേടുകയും ചെയ്തു.
46കാരനായ ധാമി ഉദ്ധംസിങ് നഗര്‍ ജില്ലയിലെ ഖാതിമ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. മൂന്നാം തവണയാണ് ധാമി ഈ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത്. 2017ല്‍ 2709 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ അനായാസ വിജയം ധാമി പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റത്. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രി, എ.ഐ.എം.ഐ.എമ്മിന്റെ ആസിഫ് മിയാന്‍, ആം ആദ്മി പാര്‍ട്ടിയുടെ സാവിന്തര്‍ സിങ് കലേര്‍ എന്നിവരാണ് ധാമിയുടെ എതിര്‍ സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 6951 വോട്ടിന് പിറകിലാണ് മുഖ്യമന്ത്രി.
തിരാഥ് സിങ് റാവത്ത് രാജിവെച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്ബോള്‍ ഉത്തരാഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു 45കാരനായ ധാമി. മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോശ്യാരിയുടെ രാഷ്ട്രീയ ഉപദേശകനായും ധാമി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അടുത്ത സുഹൃത്തായാണ് കണക്കാക്കപ്പെടുന്നത്.
പിത്തോറഗഢ് ജില്ലയിലെ തുണ്ടി ഗ്രാമത്തില്‍ 1975ലായിരുന്നു ധാമിയുടെ ജനനം. പിതാവ് സൈനികനായിരുന്നു. പിന്നീട് ധാമിയുടെ കുടുംബം ഖാതിമയിലേക്ക് താമസം മാറി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ധാമി 2008 വരെ സംസ്ഥാന യുവമോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം യുവജന റാലിയും പരിപാടികളും നടന്നിരുന്നു. ഈ പോരാട്ടം കാരണമാണ് സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ പ്രാദേശിക യുവജനങ്ങള്‍ക്ക് 70 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഇഞ്ചോടിച്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡില്‍ മികച്ച വിജയം നേടാനായത് ധാമിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ആകെയുള്ള 70 സീറ്റില്‍ 48 സീറ്റിലും ബി.ജെ.പിയാണ് മുന്നില്‍. 18 സീറ്റില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ബി.എസ്.പിയും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. അതുകൊണ്ടുതന്നെ ധാമി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാര്‍ ഗൗതം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്. വീണ്ടും മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിക്ക് ജനസമ്മതി തെളിയിക്കേണ്ടിവരും.