കോട്ടയം :എടിഎം കാർഡ് മോഷ്ടിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യഭവനത്തിൽ രമ്യ(38)യാണ് അറസ്റ്റിലായത് .താമരക്കുളം വില്ലേജിൽ നിന്ന് ചാരുംമൂട്ടിൽ താമസിക്കുന്ന നൈനാർ മൻസിലിൽ 80കാരനായ അബ്ദുൾ റഹ്മാന്റെ എടിഎം കാർഡ് മോഷ്ടിച്ച് ആണ് 10 ലക്ഷം രൂപ തട്ടിയെടുത്തത്
അബ്ദുൾ റഹ്മാൻ ഇപ്പോൾ താമസിച്ചു വരുന്ന വീടിന്റെ കോമ്പൗണ്ടിലുള്ള കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചുവരികയാണ് രമ്യയും ഭർത്താവ് തോമസും.കെഎസ്ഇബിയിൽനിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൾ റഹ്മാൻ ഇളയ മകൾക്കും മരുമകനും ഒപ്പമാണ് താമസിച്ചുവരുന്നത്. ഭാര്യ നേരത്തെ മരിച്ചു. മകളുടെയും മരുമകന്റെയും സംരക്ഷണയിൽ കഴിയുന്നതിനാൽ ബാങ്കിൽ വന്നു കൊണ്ടിരിക്കുന്ന പെൻഷൻ തുക ഇദ്ദേഹം പിൻവലിക്കാറില്ലായിരുന്നു. അതിനാൽ വലിയൊരു തുക ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്കു താമസം തുടങ്ങിയത്. അയൽവാസികളോടും വണ്ടാനം മെഡിക്കൽ കോളജിൽ ജോലി എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.വാടകവീട്ടിൽ താമസമായതോടെ അബ്ദുൾ റഹ്മാന്റെ വീട്ടുകാരോടു രമ്യ കൂടുതൽ അടുപ്പം പുലർത്തി വിശ്വാസം നേടിയെടുത്തു. ഇതുവഴി വീട്ടിൽ കയറാനുള്ള സ്വാതന്ത്ര്യം വരെ ഇവർക്കു ലഭിച്ചിരുന്നു.
സർക്കാർ അധ്യാപകരായ അബ്ദൂൽ റഹ്മാന്റെ മരുമകനും മകളും രാവിലെ എട്ടിനു പോയാൽവൈകിട്ട് ആറോടെയാണ് മടങ്ങിയെത്തുക. ഈ സമയം അബ്ദുൾ റഹ്മാൻ മാത്രമാണ് വീട്ടിൽ ഉണ്ടാവുക.ഉച്ചഭക്ഷണം കഴിഞ്ഞ് അദ്ദേഹം കിടന്നുറങ്ങുക പതിവായിരുന്നു. വാതിലുകൾ തുറന്നിട്ടിരിക്കും. ഈ സമയമെപ്പോഴോ രമ്യ വീടിനുള്ളിൽ കടന്നു മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി.
വല്ലപ്പോഴും മാത്രം എടിഎമ്മിൽ പോയിരുന്ന അബ്ദുൾ റഹ്മാൻ പാസ്വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ചു ദിവസേന പണം പിൻവലിച്ചുകൊണ്ടിരുന്നു.ചാരുംമൂട് എസ്ബിഐയുടെ എടിഎം, ചാരുംമൂട് ഫെഡറൽ ബാങ്ക് എടിഎം എന്നിവിടങ്ങളിൽനിന്നാണ് രമ്യ കൂടുതൽ പണം പിൻവലിച്ചിട്ടുള്ളത്.
10,000 രൂപ ഒറ്റ സമയം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് ഒടിപി വരുമെന്നറിയാവുന്ന രമ്യ ഓരോ ദിവസവും 9,000 രൂപ വീതം രണ്ടു തവണയും 2,000 രൂപ ഒരു തവണയും എടുത്ത് ഒരു ദിവസം ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്.അബ്ദുൾ റഹ്മാന്റെ മൊബൈൽ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ പണം പിൻവലിക്കുമ്പോൾ മെസേജും വന്നിരുന്നില്ല.
നാലു മാസത്തിനുള്ളിൽ രമ്യ ഇത്തരത്തിൽ അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.മകൾക്ക് ഒരു സ്കൂട്ടർ വാങ്ങാനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൾ റഹ്മാൻ പണം പിൻവലിക്കാൻ എടിഎം കാർഡ് തെരഞ്ഞെത്.അപ്പോഴാണ് കാർഡ് കാണുന്നില്ല എന്നു മനസിലായത്. കാർഡിനായുള്ള തെരച്ചിലിൽ രമ്യ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, എടിഎം കാർഡ് കണ്ടെടുക്കാൻ സാധിച്ചില്ല. നഷ്ടപ്പെട്ടു പോയതായിരിക്കാം എന്നു കരുതി അബ്ദുൽ റഹ്മാൻ മകളെയു കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തി പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്.
തുടർന്ന് ബാങ്കിൽനിന്നു പണമിടപാട് വിവരമെടുത്തു പരിശോധിച്ചപ്പോൾ ഒരു ദിവസം 20,000 രൂപ ക്രമത്തിൽ പലപ്പോഴായി പത്തു ലക്ഷം രൂപ പിൻവലിച്ചതായി അറിയാൻ കഴിഞ്ഞു.നൂറനാട് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടിഎമ്മുകളിൽനിന്നു പണം പിൻവലിച്ചിരിക്കുന്ന സമയങ്ങളിലെ സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചു.
ഇതോടെ രമ്യ പണം പിൻവലിച്ചിരിക്കുന്നതെന്നു പോലീസ് കണ്ടെത്തി. പോലീസ് രമ്യയെ ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിക്കാതിരുന്ന രമ്യ ദൃശ്യങ്ങൾ കാട്ടിയതോടെ കുറ്റം സമ്മതിച്ചു. പിൻവലിച്ച തുകയിൽ 10,000 രൂപയും എടിഎം കാർഡും പ്രതിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
രമ്യ മുൻപും ഇതുപോലുള്ള തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുണ്ട്. നൂറനാട് സ്വദേശി സുധീഷ് എന്നയാളുടെ ചികിത്സാസഹായവും ആയി ബന്ധപ്പെട്ടു പണപ്പിരിവ് നടത്തി പണം തട്ടിയെടുത്ത കേസിൽ രമ്യ പ്രതിയാണ്.വണ്ടാനം മെഡക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ, ഫിസിയോ തെറാപ്പിസ്റ്റ്, ടെക്നിഷൻ എന്നൊക്കെ വിവിധതരം കള്ളങ്ങൾ പറഞ്ഞാണ് രമ്യ പല സ്ഥലങ്ങളിലും മാറിമാറി താമസിച്ചു വരുന്നത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.