കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പ്രൊഫ ടിജെ ജോസഫ്. തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും സംരക്ഷണം നല്‍കിയില്ല. തനിക്ക് നഷ്ടപരിഹാരം തരാനുള്ള ബാധ്യത സര്‍ക്കാരിനാണ്. കോടതി നേരത്തെ ഉത്തരവിട്ട എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പോലും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈ വെട്ടാന്‍ തീരുമാനം എടുത്തവര്‍ ഇപ്പോഴും കാണാമറയത്താണെന്ന് പ്രൊഫ ടിജെ ജോസഫ് പറഞ്ഞു. കേസില്‍ ശിക്ഷിക്കപ്പെട്ടത് ഏറ്റവും അറ്റത്തെ കണ്ണികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫസര്‍ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. കേസിലെ ആറ് പ്രതികളുടെ ശിക്ഷയാണ് കൊച്ചി എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജില്‍ , മുഖ്യ സൂത്രധാരന്‍ എം കെ നാസര്‍, ഗൂഢാലോചനയില്‍ പങ്കുളള നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു.