കീവ്: റഷ്യയുടെ ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണവുമായി യുക്രൈന്‍. റഷ്യന്‍ അക്രമണത്തിനെതിരെ യുക്രൈന്‍ സേന തിരിച്ചടിക്കുകയാണ്. പ്രത്യാക്രമണത്തില്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും തകര്‍ന്നതായി യുക്രൈന്‍ സേന അവകാശപ്പെട്ടു.
റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ ഒഡെസയില്‍ പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ടുകളും സൈന്യം നിഷേധിച്ചു. രാജ്യത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തെ തങ്ങള്‍ ചെറുക്കുന്നുവെന്നും യുക്രൈന്‍ സൈന്യം വ്യക്തമാക്കി.
റഷ്യ യുക്രൈന്‍ അതിര്‍ത്തിയിലും ജനവാസ മേഖലകളിലും പീരങ്കി ഷെല്ലാക്രമണം ആരംഭിച്ചു. അതേസമയം, പ്രധാന നഗരങ്ങളില്‍ ആക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം യുക്രൈന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കിയതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു.
സമ്പൂര്‍ണ വ്യോമാതിര്‍ത്തി അടച്ചിടുന്നതായി യുക്രൈന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവരുള്‍പ്പടേയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു.
ഇന്ത്യയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് യുക്രൈനില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ച് പോരേണ്ടി വരികയും ചെയ്തു. വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നില്‍ റഷ്യന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ഫോടനങ്ങള്‍ നടക്കുകയായിരുന്നു.
റഷ്യയുടെ ആക്രമണം നേരിടാന്‍ ലോകത്തോട് യുക്രെയിന്‍ സഹായം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്പത്തിക സഹായം നല്‍കണം, ആയുധങ്ങള്‍ നല്‍കണം, മനുഷ്യത്വപരമായ പിന്തുണ നല്‍കണം എന്ന് യുക്രൈന്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു