കൊച്ചി : കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം.ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങി. കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്സർസൈസിന്‍റെ ഭാഗമായി പേപ്പറിൽ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതർ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങൾക്ക് നിർദേശം നൽകി. വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്.
വാടക വീട്ടിൽ നിന്നും എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറിൽ കുറിച്ചിട്ടുണ്ട്. എക്സർസൈസിന്‍റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. വാടകവീട്ടിൽനിന്ന് പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
ഉമ തോമസ് എംഎൽഎ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികെയാണ്. ഇന്നലെ എഴുന്നേറ്റ് ഇരുന്നു. കഠിനമായ ശരീര വേദന തുടരുകയാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മക്കളുമായി പേപ്പറിൽ എഴുതി സംസാരിച്ചു. വാടക വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ചാണ് പേപ്പറിൽ എഴുതിയത്.തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ഷെലജ ടീച്ചർ റിനായ് മെഡിസിറ്റിയിൽ എത്തി ഉമാ തോമസ് എം.എൽ.എയുടെ കുടംബത്തെ സന്ദർശിച്ചു.മനസ്സിൽ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് സന്ദർശനത്തിന് ശേഷം ഷൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ഉമയുടെ പ്രിയപ്പെട്ട മക്കൾ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും പിടിയുടെ സഹോദരനെയും കണ്ടു. ആശുപത്രി സി.ഇ.ഒ , എംഡി എന്നിവരുമായി സംസാരിച്ചപ്പോൾ ഏറെ ആശ്വാസം തോന്നി. എം.എൽ.എ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളിൽ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നുവെന്ന് ഷൈലജ ടീച്ചർ പറഞ്ഞു.