സഹോദരനെ കൊന്നവനെ പ്രണയിച്ച ഉഷ ! എന്തുകൊണ്ടാണ് ഉഷ ഷിബുവിനെ പ്രണയിച്ചതെന്ന് ഷെല്ലി മനസ്സ് തുറക്കുന്നു

Must Read

‘മിന്നൽ മുരളി’യുടെ റിലീസിന് പിന്നാലെ ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയം സിനിമാപ്രേമികൾ ചർച്ച ചെയ്യുകയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന നിസ്സഹായയായ സ്ത്രീയുടെ കഥാപാത്രം ഷെല്ലി എൻ കുമാറിന്റെ കൈകളിൽ ഭദ്രമായിരുന്നു. അനവധി സീരിയലുകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അനശ്വരമാക്കിയ കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ഷെല്ലി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ പുരസ്‌കാരം നേടിയ ‘തങ്ക മീൻകൾ’ ഉൾപ്പെടെ ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും, ഒരു സിനിമാതാരമായി മലയാളികൾക്കിടയിൽ അറിയപ്പെടാൻ ‘മിന്നൽ മുരളി’ വരെ കാത്തിരിക്കേണ്ടി വന്നു ഷെല്ലിക്ക്. ‘മിന്നൽ മുരളി’ റിലീസിന് ശേഷം ലഭിക്കുന്ന അഭിനന്ദനപ്രവാഹത്തിൽ പകച്ചിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് ലഭിക്കുന്ന പ്രശംസകളുടെ മുഴുവൻ ക്രെഡിറ്റും ‘മിന്നൽ മുരളി’ ടീമിന് അവകാശപ്പെട്ടതാണെന്ന് ഷെല്ലി പറയുന്നു.

‘മിന്നൽ മുരളി’യിലൂടെ വെള്ളിത്തിരയിൽ താരമാകുമ്പോൾ

സ്‌കൂൾ കാലത്ത് കലാപരമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. നാടകങ്ങളിലും അഭിനയിക്കുമായിരുന്നു. കായിക മത്സരങ്ങളിലും പങ്കെടുത്തിരുന്നു. ദുബായിൽ ജോലി ചെയ്യുന്നതിനിടെയാണ് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. പത്രത്തിൽ കണ്ട പരസ്യം ഒരു കൂട്ടുകാരി അയച്ചു തരികയായിരുന്നു. ആ സിനിമയിൽ അഭിനയിച്ചു. പക്ഷെ ചിത്രം പുറത്തിറങ്ങിയില്ല. പിന്നെ ചില സീരിയലുകൾ ചെയ്തു. ‘തനിയെ’ എന്ന സീരിയലിന് മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

കേരള കഫെയിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘ഐലൻഡ് എക്സ്പ്രസ്സ്’ ആണ് ഞാൻ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നീട് ഫഹദ് ഫാസിലിന്റെ ‘അകം’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ‘ചട്ടക്കാരി’, തമിഴിൽ റാം സംവിധാനം ചെയ്ത ‘തങ്ക മീൻകൾ’, ബി. അജിത്കുമാറിന്റെ ‘ഈട’, സുധീപ് ജോഷി സംവിധാനം ചെയ്ത ‘ചിറകിൻ മറവിൽ’, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ‘സഖാവ്’ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ലഭിച്ചു.

‘തങ്ക മീൻകൾ’ എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. അതിൽ അഭിനയിച്ചതോടെ കൂടുതൽ ചിത്രങ്ങൾ തേടിയെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അന്ന് ശ്രദ്ധിക്കപ്പെട്ടില്ല. ‘മിന്നൽ മുരളി’യിൽ അഭിനയിച്ചതോടെയാണ് എനിക്ക് ആദ്യമായി മലയാളികളിൽ നിന്ന് ഇത്രത്തോളം അഭിനന്ദനങ്ങൾ ലഭിച്ചത്. വളരെ പ്രിയപ്പെട്ട കുറെ സുഹൃത്തുക്കൾ ഉണ്ട്. അവരെല്ലാം അഭിനന്ദനങ്ങൾ അറിയിച്ചു. ഒരുപാട് ആൾക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. സംവിധായകൻ ബേസിൽ ജോസഫിന്റെയും, നിർമ്മാതാവ് സോഫിയ പോളിന്റെയും മറ്റ് അണിയറ പ്രവർത്തകരുടെയും വളരെ നാളത്തെ കാത്തിരിപ്പിന്റെ ഫലമാണ് ഈ വിജയം. കൊവിഡ് വ്യാപനവും, തിയേറ്ററുകൾ അടച്ചിടലും, പി. ബാലചന്ദ്രൻ സർ ഉൾപ്പെടെയുള്ള താരങ്ങളുടെ മരണവും ചിത്രത്തിന്റെ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോൾ ‘മിന്നൽ മുരളി’യുടെ വിജയം കാണുമ്പോൾ മനസ്സ് നിറയുന്നു. ഈ അഭിനന്ദനങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഇടവേളയിൽ പുതിയ തൊഴിലിടം കണ്ടെത്തി

‘സ്ത്രീപദം’ എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. അതിന് ശേഷം സീരിയലുകളിലും സിനിമകളിലും അവസരം കിട്ടിയില്ല എന്നതാണ് സത്യം. കൊവിഡ് എല്ലാ മേഖലയെയും പോലെ സിനിമാ സീരിയൽ മേഖലയെയും ബാധിച്ചിരുന്നല്ലോ.. പിന്നെ ഞാൻ അതിന്റെ പിന്നാലെ പോയില്ല. ഇതിനിടെ കമ്യുണിക്കേഷൻ ആൻഡ് ജേർണലിസം മാസ്റ്റേഴ്സ് പൂർത്തിയാക്കി ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ജോലിക്ക് കയറി. ഇപ്പോൾ മൂൺ ഹൈവ് എന്ന ബാംഗ്ളൂർ ആസ്ഥാനമായ ഐടി കമ്പനിയിൽ കണ്ടൻറ് റൈറ്ററാണ്. നല്ല പ്രൊജക്റ്റ് വന്നാൽ ചെയ്യാം എന്നായിരുന്നു തീരുമാനം. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി എന്നെ നന്നായി പിന്തുണയ്ക്കുന്നു. ജോലിയോടൊപ്പം എന്റെ പാഷനെയും പിന്തുടരാൻ അവർ സഹായിക്കുന്നുണ്ട്.

‘മിന്നൽ മുരളി’യിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നില്ല

സേക്രഡ് ഹാർട്ട് കോളേജിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കുന്നതിനിടെയാണ് ബേസിലിന്റെ അസിസ്റ്റന്റ് ശിവ വിളിക്കുന്നത്. ‘ഒരു കഥ പറയാനുണ്ട്, ബേസിൽ ജോസഫ് വന്ന് കാണും’ എന്ന് പറഞ്ഞു. എനിക്ക് ബേസിലിനെ നേരിട്ട് അറിയില്ല. അദ്ദേഹത്തിന്റെ ‘ഗോദ’യും ‘കുഞ്ഞിരാമായണവും’ കണ്ടിരുന്നു. ‘കുഞ്ഞിരാമായണം’ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവർ വിളിച്ചപ്പോൾ എനിക്ക് വലിയ പ്രതീക്ഷയൊന്നും തോന്നിയിരുന്നില്ല. ‘തങ്ക മീൻകളി’ന് ശേഷം ആ പ്രതീക്ഷ ഞാൻ വിട്ടിരുന്നു.

ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ ബേസിലിനെ പോയി കണ്ടത്. ബേസിൽ എന്റെ കഥാപാത്രത്തെ കുറിച്ച് നല്ല ഒരു വിവരണം തന്നു. ചിലർ കഥ പറഞ്ഞാൽ നമുക്ക് വ്യക്തമായ ഒരു ചിത്രം കിട്ടില്ല. പക്ഷെ ബേസിൽ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് നല്ല ഒരു ഐഡിയ എനിക്ക് കിട്ടി. ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടു. ‘തങ്ക മീൻകൾ’ കണ്ടിട്ടാണ് ബേസിൽ എന്നെ വിളിച്ചത്. ഞാൻ ലുക്കിൽ അധികം ശ്രദ്ധിക്കാറില്ല. അലമാര തുറക്കുമ്പോൾ ആദ്യം കാണുന്ന വസ്ത്രം എടുത്ത് ധരിച്ച് പുറത്ത് പോകുന്ന ആളാണ് ഞാൻ. ‘അന്ന് ഇരുന്നതുപോലെ അല്ല ഞാൻ ഇപ്പോൾ ഇരിക്കുന്നത്. ഞാൻ ഒരുപാട് മാറി. ഈ കഥാപാത്രത്തിന് ഞാൻ യോജിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ചെയ്യാം.’ ബേസിലിനോട് ഞാൻ പറഞ്ഞു. അന്ന് പോയതാണ്. പിന്നെ വിവരം ഒന്നും ഉണ്ടായില്ല. ഒരു മാസത്തിന് ശേഷം ശിവ വീണ്ടും വിളിച്ച് സെറ്റിൽ ജോയിൻ ചെയ്യാൻ പറയുകയായിരുന്നു.

ഗുരു വിസ്മയിപ്പിച്ചു

ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരം സാറിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാഷ മലയാളം അല്ല. തമിഴ് താരങ്ങൾ അഭിനയത്തിൽ ഒരുപാട് ഓവറാണെന്ന് മലയാളികൾക്ക് ഒരു ധാരണയുണ്ട്. അത് അദ്ദേഹം തിരുത്തി. ഈ കഥാപാത്രത്തിനു വേണ്ടി അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തു. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ വ്യക്തമാണ്. അദ്ദേഹം തന്നെ ഈ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തു.

പ്രണയവും പ്രണയനഷ്ടവും ഒക്കെ സാധാരണക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ഷിബുവിന്റെ മരണം ഈ സിനിമയിൽ അനിവാര്യം ആയിരുന്നു. ഒരുപക്ഷെ ഉഷയും ഷിബുവും ഇത്ര ആഘോഷിക്കപ്പെട്ടതും ആ മരണം കാരണം ആയിരിക്കും. അദ്ദേഹം ആ കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹം അഭിനയിക്കുന്നതിന് പ്രതികരിക്കുക എന്ന ജോലി മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അദ്ദേഹം അത്രത്തോളം ആ കഥാപാത്രത്തിനോട് നീതി പുലർത്തി. ഓരോ സീനും നൂറ് ശതമാനം ആത്മാർത്ഥമായാണ് ചെയ്യുന്നത്. സാറിന് പൂർണ തൃപ്തി ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും ചെയ്യും. അവസാനത്തെ സീൻ എങ്ങനെ ചെയ്യണമെന്നത് ബേസിൽ ഞങ്ങൾക്ക് വിട്ടുതന്നു. ഒറ്റ ടെക്കിനാണ് ആ സീൻ ശരിയാക്കിയത്.

സഹോദരനെ കൊന്നവനാണ് മുന്നിൽ നിൽക്കുന്നതെന്ന് ഉഷയ്ക്ക് അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഉഷ അയാളെ തള്ളി പറയുമായിരുന്നു. ‘ഈ വിവരം ഉഷ അറിഞ്ഞാൽ നീ എന്ത് ചെയ്യുമെ’ന്ന് ടോവിനോയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ‘ഇത് ഉഷ അറിയരുത്, ഞങ്ങൾ ഇവിടെ നിന്ന് പോയിക്കൊള്ളാം’ എന്നാണ് ഷിബു പറയുന്നത്. എല്ലാവർക്കും മറ്റാരോടും പറയാൻ കഴിയാത്ത ചില രഹസ്യങ്ങൾ ഉണ്ടാകും. ഉഷയ്ക്ക് ഷിബുവിനോട് മാനസികമായ അടുപ്പമുണ്ട്. എന്തെന്നാൽ ആ നാട്ടിലെ ഒട്ടുമിക്ക എല്ലാ പുരുഷന്മാരും ഉഷയെ മറ്റൊരു കണ്ണുകൊണ്ട് നോക്കുമ്പോൾ ഷിബു മാത്രമാണ് അവളെ സ്നേഹത്തോടെയും ആദരവോടെയും സമീപിക്കുന്നത്. മകൾക്ക് സുഖമില്ലാതെ കിടക്കുമ്പോൾ ഷിബു അവളെ സഹായിക്കുന്നതൊക്കെ അവളുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഒടുവിൽ ഇനി ഷിബുവിനെ മാത്രമേ ആശ്രയിക്കാൻ കഴിയൂ എന്ന് ഉഷ മനസ്സിലാക്കുന്നു.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This