12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. രാവിലെ 11.30 മുതല്‍ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തോളം കുട്ടികളാണ് ഈ പ്രായപരിധിയില്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. പൈലറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിതരണം.
സ്‌പോട്ട് റജിസ്‌ട്രേഷന്‍ വഴിയാണ് വാക്‌സിന്‍ നല്‍കിയത്. ബയോ ഇ പുറത്തിറക്കിയ കോര്‍ബിവാക്സാണ് കുട്ടികള്‍ക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയില്‍ 2 ഡോസുകളായാണ് വാക്‌സിന്‍ നല്‍കുക. പരീക്ഷാ കാലമായതിനാല്‍ അവധി നോക്കിയ ശേഷം വിശദമായ പദ്ധതി തയ്യാറാക്കി ഈ പ്രായപരിധിയിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനുള്ള ബോധവല്‍ക്കരണം ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ കൂടാതെ കര്‍ണാടകയിലും കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാന്‍ തയ്യാറായിരിക്കുന്നത്. ഇന്ന് വാക്‌സിനേഷന്‍ ആരംഭിച്ചതായും പരിപാടി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ റെഡ്ഡി അറിയിച്ചു.
രാജ്യ വ്യാപകമായിട്ടാണ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഇന്ന് വാക്സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്‍ പ്രതിരോധത്തിലെ നിര്‍ണായക ദിനമെന്നാണ് ഈ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്. വാക്സിനേഷന്‍ വര്‍ദ്ധിപ്പിച്ച് കൊറോണ പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള കരുതല്‍ ഡോസ് വാക്‌സിന്‍ വിതരണവും ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്.