മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്ന് വര്‍ഷം മുമ്പ് പല്ലും നഖവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴ്ത്തിയ ലോകായുക്തയുടെ അതേ പല്ലും നഖവും പറിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുന്നു.
ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ ദുരൂഹത ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും കാനം രാജേന്ദ്രനും സിപിഐക്കും മറുപടി കൊടുക്കട്ടേയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണെന്ന് ഇപ്പോഴത്തെ ശ്രമമെന്ന് സതീശന്‍ ആരോപിച്ചു. 2019ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരേ കേസ് വന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ കേസും ലോകായുക്തയില്‍ വരികയാണ്. അതിന് മുന്‍പായി 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്. 22 വര്‍ഷമായി എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധത എന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോള്‍ മാത്രമാണ് അവര്‍ ഉന്നയിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കമെന്ന് വളരെ വ്യക്തമാണ്.
നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ യോഗ്യതയുള്ള ഏക അധികാരം കോടതിക്ക് മാത്രമാണ്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങള്‍ വെറും ന്യായീകരണം മാത്രമാണ്. വാദങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള അടിത്തറയുമില്ല.
നേരത്തെ ലോകായുക്ത നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ വിഷയത്തില്‍ സിപിഐ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. മുന്നണിക്കുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യാത്തതു കൊണ്ടാണ് വിഷയത്തില്‍ എതിര്‍പ്പുമായി സിപിഐ രംഗത്തുവന്നത്. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ അത് മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്നാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു.
ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ അതില്‍ എല്ലാ വിഭാഗം എംഎല്‍എമാര്‍ക്കും അവരവരുടെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു.
ക്യാബിനറ്റില്‍ പോലും ആവശ്യത്തിന് ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു. നിയമസഭ സമ്മേളിക്കാത്ത സമയം ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ഗവര്‍ണര്‍ക്ക് അയക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
ഓര്‍ഡിനന്‍സിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് സിപിഐ ചോദിക്കുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്താണ് 1996-2001 നിയമസഭ നിയമം പാസാക്കിയത്. അതിന് ഭേദഗതി കൊണ്ടുവരുമ്പോള്‍ അതും നിയമസഭ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നാണ് സിപിഐ പറയുന്നത്.