നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി ഐ പിയെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ വ്യവസായിയാണ് ദിലീപുമായി ബന്ധമുള്ള വി ഐ പി.
ക്രൈം ബ്രാഞ്ച് സംഘം കാണിച്ച ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്രകുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്. വ്യക്തിയെ സ്ഥിരീകരിക്കാൻ ഇനി ശബ്ദ സാമ്പിൾ പരിശോധന കൂടി പോലീസ് നടത്തും.
ബാലചന്ദ്ര കുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് വിഐപിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് 6 ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് നൽകിയത്. ഇതിൽ ഒരാളെ ബാലചന്ദ്രകുമാർ തിരിച്ചറിയുകയായിരുന്നു.
കോട്ടയം സ്വദേശിയായ ഈ രാഷ്ട്രീയക്കാരനായ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം നടക്കുക. താൻ ദിലീപിൻറെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തിയെന്നും ദിലീപിന് അദ്ദേഹം ഒരു പെൻഡ്രൈവ് കൈമാറിയെന്നുമാണ് ബാലചന്ദ്ര കുമാർ പോലീസിനോട് പറഞ്ഞത്.
ഈ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ പറയുന്നു. ഒരു വിഐപിയെ പോലെയാണ് ദൃശ്യങ്ങൾ കൊണ്ട് വന്ന ആൾ പെരുമാറിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.