ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ 2024 (Waqf (Amendment) Bill) അംഗീകരിച്ച് സംയുക്ത പാർലമെന്ററി സമിതി. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ തള്ളി.
പ്രതിപക്ഷ എംപിമാർ ഉന്നയിച്ച 44 ഭേദഗതികൾ വോട്ടെടുപ്പിൽ തള്ളിയതായും ജെപിസിസി ചെയർമാൻ ജംഗദംബിക പാൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഭരണപക്ഷം നിർദേശിച്ച 14 ഭേദഗതികൾ ഉൾപ്പെടുത്തി ബില്ലിൽ റിപ്പോർട്ട് നൽകും. ഇതിന്റെ അന്തിമ റിപ്പോർട്ട് വരുന്ന പാർലമെന്റ് സമ്മേളനത്തിൽ സമർപ്പിക്കപ്പെടുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് വഖ്ഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 1995ലെ വഖ്ഫ് നിയമത്തിൽ കാര്യപ്രസക്തമായ പല പരിഷ്കാരങ്ങളും വരുത്തിയതാണ് പുതിയ നിയമം. വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വെല്ലുവിളികളും തർക്കങ്ങളും അഭിസംബോധന ചെയ്യപ്പെടുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ എംപിമാരിൽ ചിലർ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു ജെപിസിക്ക് ബിൽ നൽകിയത്. ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിൽ ഭേദഗതികൾ സംബന്ധിച്ച് തീരുമാനമായി. വോട്ടെടുപ്പിലൂടെ പരിഹാരം കണ്ട സാഹചര്യത്തിൽ ജെപിസിയിലെ ഭരണപക്ഷ എംപിമാർ നിർദേശിച്ച 14 ഭേദഗതികൾ വഖ്ഫ് ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തുന്നതാണ്.
ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ അറിയിച്ചു. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ വ്യക്തമാക്കി.