പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കായംകുളം സ്വദേശിനിയായ കുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്. കായംകുളം ചിറക്കടവം മുറിയിൽ തഴയശ്ശേരിൽ വീട്ടിൽ സന്തോഷിന്റെ മകൻ ആകാശ് (28) ആണ് പോലീസ് പിടിയിലായത്.
ഒളിവിലായിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കായംകുളം നിയോജക മണ്ഡലത്തിലെ മുൻ സെക്രട്ടറിയാണ് ആകാശ്. പ്രതിയുടെ ബന്ധുക്കളുടെയും ഫോൺ കോളുകൾ പരിശോധിച്ചാണ് പ്രതിയെ ഒളിവിൽ കഴിയുന്ന സ്ഥലത്ത് പോയി പിടികൂടാൻ സാധിച്ചത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബറിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്. ഒളിവിൽ പോയ ശേഷം മൊബൈൽ ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയിൽ തമിഴ്നാട്, കർണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് നൽകിയ നിർദേശ പ്രകാരം ഒരു സ്‌ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയായിരുന്നു. വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് വീട്ടിൽ ബന്ധപ്പെടുന്നതായി സൈബർസെല്ലിന്റെ സഹായത്താൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ അന്വേഷിച്ച് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിൽ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റൽ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവിൽ പോയിട്ടുള്ളതായി കണ്ടെത്തി.
തുടർന്ന് 14 ദിവസത്തോളം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ മഹാരാഷ്ട്രയിലെ ഷിർദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പോലീസിന്റെയും , തെലുങ്കാന പോലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിർദ്ദിയിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കായംകുളം ഡി വൈ എസ് പി . അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി. ഐ. മുഹമ്മദ് ഷാഫി, എ. എസ്. ഐ. സുധീർ, പോലീസുകാരായ റെജി, ബിനു മോൻ . ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
ഇയാൾക്ക് ഒളിവിൽ കഴിയുന്നതിനും മറ്റും സഹായിച്ചതിനാൽ ഹരിപ്പാട് വെട്ടുവേനി മണി ഭവനം വീട്ടിൽ രാജു മകൻ സിജു ( 32 ), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലിൽ ഭാസി മകൻ അഖീഷ് കുമാർ ( 26 ), കാർത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടിൽ വീട്ടിൽ അനുരാജ് മകൻ അനൂപ് ( 28 ) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.