പാലക്കാട്: കുഴല്‍മന്ദത്തുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാക്കളുടെ കുടുംബങ്ങള്‍ രംഗത്ത്.
അപകടം ഡ്രൈവര്‍ മനപ്പൂര്‍വം ഉണ്ടാക്കിയതാണോയെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നു. അപകടം നടക്കുന്നതിന് മുന്‍പ് യുവാക്കളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
സംഭവത്തില്‍ വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സി എല്‍ ഔസേപ്പിനെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി ഏഴിനായിരുന്നു കുഴല്‍മന്ദത്ത് അപകടമുണ്ടായത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വലത്തോട്ട് വെട്ടിച്ച ബസ് തട്ടിയതോടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഔസേപ്പിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.