ബെംഗളൂരുവിലെ ഡോഗ് ഷെൽട്ടറിൽ ഉടമയുടെ ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ച തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിനിയുടെ ഇൻക്വസ്റ്റ് നടപടികൾ അനന്തമായി നീളുന്നത് വലിയ പ്രതിഷേധത്തിനും സംശയങ്ങൾക്കും വഴിതെളിക്കുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചാണ് 47 വയസ്സുകാരിയായ യുവതി മരണപ്പെട്ടത്. എന്നാൽ മരണം സംഭവിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രാഥമിക നടപടികൾ പൂർത്തിയാക്കാനോ പോസ്റ്റ്മോർട്ടം നടത്താനോ പോലീസിന് സാധിച്ചിട്ടില്ല. സാധാരണഗതിയിൽ ഇത്തരം ഗൗരവകരമായ കേസുകളിൽ പുലർച്ചെ തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാറുള്ളതാണ്. എന്നാൽ പോലീസ് ഭാഗത്തുനിന്നുണ്ടാകുന്ന ഈ അനാസ്ഥയ്ക്ക് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടോ എന്നാണ് ബന്ധുക്കളും നാട്ടുകാരും ഇപ്പോൾ ഉയർത്തുന്ന പ്രധാന ചോദ്യം.
സംഭവുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾ പൂർത്തിയാക്കുന്നതിലും പോലീസിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്. ബെംഗളൂരുവിലെ സുലിബലേയിൽ നടന്ന അക്രമമായതിനാൽ കർണാടക പോലീസിന്റെ സാന്നിധ്യം ആവശ്യമാണെന്ന സാങ്കേതിക കാരണമാണ് കാലതാമസത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാൽ യുവതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതിരുന്നതും പ്രതിയായ ദീപക് കൃഷ്ണയ്ക്ക് ഒളിവിൽ പോകാൻ സാവകാശം ലഭിച്ചതും പോലീസിന്റെ ഭാഗത്തെ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായ യുവതിയുടെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പോസ്റ്റ്മോർട്ടം വൈകുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കുമോ എന്ന ഭയത്തിലാണ് കുടുംബം.
നാൽപ്പതിനായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ചതിയിൽപ്പെടുത്തിയാണ് വാടാനപ്പള്ളി സ്വദേശിനിയെ പ്രതി തന്റെ ഷെൽട്ടറിൽ എത്തിച്ചത്. അവിടുത്തെ ദുരൂഹസാഹചര്യങ്ങൾ കണ്ട് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് അതിക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. വിവരമറിഞ്ഞ് എത്തിയ കർണാടക പോലീസിനെ പോലും തടയാൻ ശ്രമിച്ച ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ പിടികൂടാൻ വൈകുന്നതും നടപടിക്രമങ്ങളിലെ ഈ മെല്ലെപ്പോക്കും വലിയ ദുരൂഹതയുണ്ടാക്കുന്നു. നീതി തേടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് തുടരുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടലാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
