യുക്രെയ്നില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാനുഷിക ഇടനാഴി തുറന്ന സാഹചര്യത്തില്‍ സുമിയില്‍ കുടുങ്ങിയ 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുതുടങ്ങി. മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ പോള്‍ട്ടാവ വഴിയാണ് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിക്കുന്നത്.
‘ഇന്നലെ ഞാന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നു. 694 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുമിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. അവരെ എല്ലാം ഇപ്പോള്‍ ബസുകളില്‍ പോള്‍ട്ടാവയിലേക്ക് നീക്കിയിട്ടുണ്ട്’ -കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുക്രെയ്നിന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് സുമി മുതല്‍ പോള്‍ട്ടാവ വരെ മാനുഷിക ഇടനാഴി അനുവദിക്കുന്നതിന് റഷ്യയും യുക്രെയ്നും തമ്മില്‍ ധാരണയായത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ റഷ്യ ഉറച്ചുനില്‍ക്കണമെന്നും മനുഷ്യ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.
സുമിയില്‍ ഇന്നുമാത്രം റഷ്യന്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഒമ്ബതുപേര്‍ കൊല്ലപ്പെട്ടിരുന്നു. ശക്തമായ ആക്രമണം തുടരുന്ന സുമിയില്‍ നാളുകളായി ഒഴിപ്പിക്കല്‍ കാത്തുകഴിയുകയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഠിന തണുപ്പും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗര്‍ലഭ്യവും മൂലം സ്വന്തം റിസ്കില്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്ന് വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. ഇത്തരം അപകടകരമായ തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നു.
പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ധാരണയായത്.