തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരില്‍ നിന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്.
കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരങ്ങൾ.
തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നെന്ന് സഹോദരന്‍ സുരേന്ദ്രന്‍ പറഞ്ഞു. വീട്ടുമുറ്റത്ത് വച്ചാണ് കൊലപാതകം നടന്നത്.
എല്ലാവരും കണ്ടാല്‍ അറിയുന്ന ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരാണ്. ബഹളം കേട്ട് എത്തിയപ്പോള്‍ ആയുധം വീശി ആക്രമികള്‍ രക്ഷപ്പെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രവുമായി ബന്ധപ്പെട്ട ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഭീഷണിയുണ്ടായിരുന്നു. രാത്രി താമസിച്ചിട്ടും ചേട്ടന്‍ വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചത് കൊണ്ടാണ് വീട്ടിലേക്ക് പോയത്. ഇടയ്ക്ക് ഞങ്ങള്‍ മയങ്ങിപ്പോയി. പിന്നീട് പുലര്‍ച്ചെ ഒന്നര ആയപ്പോള്‍ ബഹളം കേട്ടാണ് ഏഴുന്നേറ്റത്. ഓടിച്ചെന്നപ്പോള്‍ ആയുധം വീശി അവര്‍ രക്ഷപ്പെടുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.
അന്വേഷണ സംഘത്തെ ആറ് വിഭാഗങ്ങളാക്കി തിരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും ഫോറന്‍സിക് പരിശോധനകള്‍ നടത്തിയും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.