തലശേരി: ബി.ജെ.പി നഗരസഭാ കൗണ്‍സിലറുടെ ഭീഷണി പ്രസംഗം വിവാദമാകുന്നു. സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നഗരസഭാ കൗണ്‍സിലർ നേരത്തെ നടത്തിയ പ്രസംഗം ചർച്ചയാകുന്നത്.
തലശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറായ ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. സി.പി.എം നേതാക്കളുള്‍പ്പടെയുള്ളവര്‍ ഈ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഹരിദാസന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതൃത്വത്തിന് പങ്കുള്ളതായി ആരോപിക്കുന്നത്.
പ്രദേശത്തെ ബി.ജെ.പി ഓഫീസിന് മുന്നില്‍ നടന്ന പരിപാടിയിലാണ് ലിജേഷ് പ്രസംഗം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി നടന്ന പരിപാടിയാണിത്. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുമെന്ന സൂചന നല്‍കുന്നതാണ് ലിജേഷിന്റെ പ്രസംഗമെന്ന് ആരോപണം ഉയരുന്നുണ്ട്.
തങ്ങളുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന് പ്രസംഗത്തില്‍ ലിജേഷ് പറയുന്നു. ഏത് രീതിയിലാണ് കൈകാര്യം ചെയ്യുക എന്നത് കഴിഞ്ഞ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ സി.പി.എം നേതാക്കള്‍ക്ക് മനസ്സിലാകുമെന്നും ഇയാള്‍ പറയുന്നുണ്ട്. ലിജേഷാണ് ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്നാണ് സി.പി.എം ആരോപിക്കുന്നത്.