കരൂര്‍: കരൂര്‍ അപകടത്തില്‍ മരണസംഖ്യ 39 ആയി. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു
പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും.
സംസ്ഥാന പര്യടനം തൽക്കാലം മാറ്റിവയ്ക്കാൻ TVK നേതാവ് വിജയ്. ഓൺലൈൻ യോഗത്തിൽ വിജയ് ഇക്കാര്യം സംസാരിച്ചു. അടുത്ത ആഴ്ചയിലെ വിജയ്‌യുടെ പര്യടനം റദ്ദാക്കി. വിജയ്‌യുടെ റാണിപെട്ട്, തിരുപ്പത്തൂർ ജില്ലകളിലെ പര്യടനം റദ്ദാക്കി. വിജയ്‌യുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 2026ല്‍ തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ സൂപ്പര്‍താരം വിജയ് കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ വന്‍ നിയമക്കുരുക്കിലേക്ക് വീണേക്കും.
ഇന്ന് വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പന്ത്രണ്ടോളം പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രിയടക്കം കരൂരിലെ ആശുപത്രിയിലുണ്ട്.
39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ സംഭവത്തിന് പിന്നാലെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്‌സില്‍ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി.തമിഴ്‌നാടിനെ നയിക്കാന്‍ ഇതാ വരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവന്നത്.
