കൊച്ചി :ഹിജാബ് വിലക്കില്‍ വിവാദമുയര്‍ന്നതിന് പിന്നാലെ രണ്ടു കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു. ടി സിക്ക് അപേക്ഷ നല്‍കി.പള്ളുരുത്തി സെന്റ് റീത്താസില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്‍ വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം.
തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുക. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും , പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്‍ശവും ഏറെ വേദനിപ്പിച്ചുവെന്നും, സെന്റ് റീത്താസിലെ സാമൂഹ്യ അന്തരീക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്നും കുട്ടിയുടെ മാതാവ് ജസ്‌ന പറഞ്ഞു. ബുധനാഴ്ച ടി സി ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
അതേസമയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ലെന്ന് കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സ്‌കൂള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ത്ത സാഹചര്യത്തില്‍ കോടതി നിലപാട് അറിഞ്ഞശേഷം ആകും തുടര്‍ തീരുമാനമെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം വ്യക്തമാക്കി. കോടതിവിധി അനുകൂലമായി സ്‌കൂള്‍ അംഗീകരിക്കുകയാണെങ്കില്‍ പഠനം സെന്റ് റീത്താസില്‍ തന്നെ തുടരാനാണ് നിലവില്‍ എട്ടാം ക്ലാസുകാരിയുടെ കുടുംബം ആലോചിക്കുന്നത്.
ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവര്‍ ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്ന പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാന്‍. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്.
